അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നു: എയർ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണം

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്ന് എയർ ഇന്ത്യയ്ക്കെതിരെ ആരോപണം. ഉറ്റവർ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി നൽകേണ്ട ഫോമുകൾ ഉടൻ ഒപ്പിട്ട് നൽകാൻ എയർ ഇന്ത്യ നിർദേശിച്ചുവെന്ന് യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിയമസഹായ സ്ഥാപനം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ എയർ ഇന്ത്യ നിഷേധിച്ചു. ആരോപണങ്ങൾ ആധാരമില്ലാത്തതാണെന്നു പറഞ്ഞ സ്വീകർത്താക്കൾക്ക് ഇടക്കാല നഷ്ടപരിഹാരം ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാൻഡേർഡ് പ്രക്രിയയുടെ ഭാഗമാണ് നടത്തിയതെന്നും വ്യക്തമാക്കി.
നഷ്ടപരിഹാരം ലഭിക്കാനായി ഫോമുകൾ ഉടൻ പൂരിപ്പിച്ചു നൽകാൻ എയർ ഇന്ത്യ കുടുംബങ്ങളെ നിർബന്ധിക്കുന്നുവെന്നായിരുന്നു ആരോപണം. ഫോമുകളിൽ നിരവധി ചോദ്യങ്ങളുണ്ടെന്നും നിബന്ധനകളെയും ചോദ്യങ്ങളെയും കുറിച്ച് യാതൊരു മാർഗ്ഗനിർദ്ദേശവുമില്ലാതെ ഫോമുകൾ പൂരിപ്പിക്കാൻ നിർബന്ധിതരാക്കുകയാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾ ആരോപിച്ചു. സങ്കീർണ്ണമായ നിയമപരമായ പദങ്ങളാണ് ചോദ്യാവലിയിലുള്ളതെന്ന് പറഞ്ഞ നിയമസ്ഥാപനം ഏറ്റവും ദുർബലമായ സമയത്ത് അവരെ ചൂഷണം ചെയ്യുകയാണ് എയർ ഇന്ത്യ എന്നും ആരോപിച്ചു. ചോദ്യാവലി ഉടൻ പൂരിപ്പിച്ച് നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അഡ്വാൻസായി നഷ്ടപരിഹാരം നൽകാനാണ് ഇതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ദുരിതബാധിതരായ കുടുംബാംഗങ്ങളുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഇടക്കാല നഷ്ടപരിഹാരം എത്രയും വേഗം നൽകുന്നതിനാണ് എയർ ഇന്ത്യ ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ തെറ്റാണെന്നുമാണ് കമ്പനിയുടെ വാദം.
ജൂൺ 12നാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‍വിക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് പറന്നുയർന്ന് നിമഷങ്ങൾക്കകം തകർന്നുവീണത്. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. 52 ബ്രിട്ടീഷ് പൗരരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരും പ്രദേശവാസികളും മെഡിക്കൽ കോളേജ് വിദ്യാർഥികളുമടക്കം 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 290ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.










0 comments