കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 8.47 ലക്ഷം കോടിയായിരുന്നു ധനക്കമ്മി
print edition കുതിച്ചുയർന്ന് കേന്ദ്ര ധനക്കമ്മി ; നവംബർവരെ 10 ലക്ഷം കോടി

ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ ധനക്കമ്മി നടപ്പുസാമ്പത്തികവർഷം ആദ്യ എട്ടുമാസത്തിൽതന്നെ 10 ലക്ഷം കോടി രൂപയോട് അടുത്തു. സിഎജി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഏപ്രിൽ– നവംബർ കാലയളവിൽ 9.77 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. ബജറ്റിൽ കണക്കുകൂട്ടിയതിന്റെ 62.3 ശതമാനത്തിലേക്ക് ധനക്കമ്മി നവംബറിൽതന്നെ എത്തിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 8.47 ലക്ഷം കോടി രൂപയായിരുന്നു ധനക്കമ്മി.
ബജറ്റിൽ കണക്കുകൂട്ടിയതിന്റെ 52.3 ശതമാനത്തിലേക്കാണ് കഴിഞ്ഞ സാമ്പത്തികവർഷം നവംബർവരെ ധനക്കമ്മി എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം 16 ശതമാനത്തോളമാണ് ധനക്കമ്മിയിലെ വർധനവ്. സർക്കാരിന്റെ നികുതി വരുമാനത്തിലുണ്ടായ ഇടിവും ചെലവുകളിൽവന്ന വർധനവുമാണ് ധനക്കമ്മി വലിയ തോതിൽ ഉയരാൻ ഇടയാക്കിയത്.
ഏപ്രിൽ– നവംബർ കാലയളവിൽ 19.49 ലക്ഷം കോടി രൂപയാണ് സർക്കാരിന്റെ ആകെ വരുമാനം. എന്നാൽ ചെലവാകട്ടെ 29.25 ലക്ഷം കോടി രൂപയാണ്. നികുതിയേതര വരുമാനം 5.16 ലക്ഷം കോടി രൂപയാണ്. മുൻവർഷം 4.27 ലക്ഷം കോടി രൂപയായിരുന്നു നികുതിയേതര വരുമാനം. ആർബിഐയിൽനിന്നും പൊതുമേഖലാ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള ലാഭവിഹിതയിനത്തിൽ 3.39 ലക്ഷം കോടി രൂപ സർക്കാരിന് ലഭിച്ചു. നികുതി വരുമാനം 13.9 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 14.43 ലക്ഷം കോടി രൂപയായിരുന്നു.
ബജറ്റിൽ ലക്ഷ്യമിട്ട നികുതി വരുമാനത്തിന്റെ 49 ശതമാനം മാത്രമേ ആദ്യ എട്ടുമാസത്തിൽ നേടാനായിട്ടുള്ളൂ. നികുതി വരുമാനത്തിൽ വന്നിട്ടുള്ള ഇടിവ് 3.4 ശതമാനമാണ്. സർക്കാരിന്റെ ആദ്യ എട്ടുമാസത്തെ സബ്‌സിഡി ചെലവ് 2.88 ലക്ഷം കോടി രൂപയാണ്. ഭക്ഷ്യ സബ്‌സിഡി 1.51 ലക്ഷം കോടിയിൽ നിന്ന് 1.37 ലക്ഷം കോടിയായി കുറഞ്ഞു. എന്നാൽ രാസവളം സബ്‌സിഡി ചെലവിൽ 1.42 ലക്ഷം കോടി രൂപയുടെ വർധനവ് വന്നു. പെട്രോളിയം സബ്‌സിഡി ചെലവിൽ 8628 കോടി രൂപയുടെ വർധനയുണ്ടായി.











0 comments