ad
Deshabhimani

തൊഴിൽ കോഡുകൾക്കെതിരെ പോരാട്ടം: പൊതുപണിമുടക്ക് വൻ വിജയമാക്കും

citu vishakhapattanam

സിഐടിയു അഖിലേന്ത്യ സമ്മേളന സദസ്സ്

വെബ് ഡെസ്ക്

Published on Jan 01, 2026, 01:04 AM | 1 min read

സഖാവ് ആനത്തലവട്ടം ആനന്ദൻ നഗർ (വിശാഖപട്ടണം): രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സമ്പൂർണമായി ഹനിക്കുന്ന തൊഴിൽ കോഡുകൾക്കെതിരായ പോരാട്ടം ശക്തമാക്കാൻ സിഐടിയു പതിനെട്ടാമത് അഖിലേന്ത്യ സമ്മേളനം തീരുമാനിച്ചു. 2026 ഫെബ്രുവരി 12ന് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി ആഹ്വാനംചെയ്‍ത പൊതുപണിമുടക്കിന്റെ വൻ വിജയം ഉറപ്പാക്കാൻ എല്ലാ ഊർജവും വിഭവവും സമാഹരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയം ജനറൽ സെക്രട്ടറി തപൻ സെൻ അവതരിപ്പിച്ചു. ഏകകണ്ഠമായി പാസാക്കി.​


ഏകദിന പണിമുടക്ക് മോദി സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ്. തൊഴിൽ കോഡുകള്‍ നിർബന്ധിതമായി നടപ്പാക്കാൻ ശ്രമിച്ചാൽ വരും ദിവസങ്ങളിൽ തൊഴിലാളികൾ തുടർച്ചയായ പണിമുടക്കിലൂടെയും കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയും പ്രതിരോധം തീർക്കുമെന്ന് പ്രമേയത്തിൽ പറഞ്ഞു. തൊഴില്‍ കോഡുകൾ റദ്ദാക്കുംവരെ പോരാട്ടം തുടരുകതന്നെ ചെയ്യും. നവംബർ 26 ന് അഞ്ഞൂറിലധികം ജില്ലകളിലായി ആയിരക്കണക്കിന് തൊഴിലിടങ്ങൾ, വ്യാവസായിക മേഖലകൾ, ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നടന്ന വൻ പ്രതിഷേധം സമ്മേളനം ചൂണ്ടിക്കാട്ടി.


നൂറ്റാണ്ടിലേറെ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയ തൊഴിൽ അവകാശങ്ങൾക്കെതിരായ സമ്പൂര്‍ണമായ ആക്രമണമാണ് നാല് ലേബർ കോഡുകൾ. സംഘടിക്കാനും പണിമുടക്കാനുമുള്ള അവകാശം പരിമിതപ്പെടുത്തി ട്രേഡ് യൂണിയനുകളെ ദുർബലപ്പെടുത്താനാണ് നീക്കം. തൊഴിൽനിയമങ്ങളുടെ ആനുകൂല്യങ്ങളെക്കുറിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കുപ്രചാരണത്തിനായി നൂറുകണക്കിന് കോടി രൂപ ചെലവിടുന്നു. ​


തൊഴിലാളി വർഗത്തിന്റെ അവകാശങ്ങളെ ആക്രമിച്ചുകൊണ്ട് മുതലാളിത്വത്തിന്റെ വ്യവസ്ഥാപിത പ്രതിസന്ധി പരിഹരിക്കാനുള്ള ഭരണകക്ഷി - കോർപറേറ്റ്- വർഗീയ കൂട്ടുകെട്ടിന്റെ തീവ്രമായ ശ്രമമാണ് ഇത്. കോർപറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ, കർഷകർ, യുവജനങ്ങൾ, മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങൾ എന്നിവരുടെ ഐക്യം ശക്തിപ്പെടുത്താൻ സമ്മേളനം ആഹ്വാനംചെയ്തു. തോൽക്കാൻ കഴിയാത്ത പോരാട്ടമാണിതെന്ന് രാജ്യത്തെ തൊഴിലാളിവർഗത്തെ സമ്മേളനം ഓർമിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home