ആവേശമായി ഫിദൽ കാസ്ട്രോ ശതാബ്ദി; ഹരംകൊള്ളിച്ച് സിപിഐ എം ജനറൽ സെക്രട്ടറിയുടെ ഗോൾ കീപ്പിങ്ങും

ന്യൂഡൽഹി: ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രദർശന ഫുട്ബോൾ മത്സരം ആവേശമായി. സിപിഐ എം നേതാക്കളും ഫുട്ബോൾ താരങ്ങളും നയതന്ത്രജ്ഞരും അണിനിരന്ന മത്സരം കാണികളും ഏറെ ആസ്വദിച്ചു. സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി ഗോൾകീപ്പറായി എത്തിയതും മത്സരത്തിന്റെ മാറ്റുകൂട്ടി.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ, ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വിജൂ കൃഷ്ണൻ, അരുൺ കുമാർ, എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, തുടങ്ങി നിരവധി പേർ ടൂർണമെന്റിൽ പങ്കെടുത്തു. സോളിഡാരിറ്റി കമ്മിറ്റി ഇലവൻ, അംബാസഡർ ഇലവൻ എന്നിങ്ങനെ രണ്ട് ടീമുകളായാണ് മത്സരം സംഘടിപ്പിച്ചത്.

ക്യൂബയുമായുള്ള ഐക്യദാർഢ്യത്തിന്റെ സൂചകമായാണ് ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ ജന്മദിനമായ ആഗസ്ത് 13ന് ഫുട്ബോൾ മത്സരം നടത്തിയത്. ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസനും ക്യൂബൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി മൈക്കിൾ ഡയസ് പെരസും മറ്റ് ക്യൂബൻ നയതന്ത്രജ്ഞരും ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ആളുകളെ ഒന്നിപ്പിക്കുമെന്ന് ഫിദൽ വിശ്വസിച്ചിരുന്നു. അതിനാൽ, ഈ ഫുട്ബോൾ മത്സരത്തിലൂടെ സമത്വത്തിന്റെയും ഐക്യത്തിന്റെയും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെയും സന്ദേശം അയക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു.










0 comments