ad
Deshabhimani

മകനെ തട്ടിക്കൊണ്ടുപോയ പിതാവ് പിടിയിൽ; നാല് വയസ്സുകാരനെ സുരക്ഷിതമായി കണ്ടെത്തി

Arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 18, 2026, 01:27 PM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ സ്‌കൂളിൽ നിന്ന് നാല് വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി അമ്മയ്ക്ക് കൈമാറി. രാജസ്ഥാനിലെ പാലിയിൽ നിന്നാണ് പ്രതിയായ നീലേഷ് രാജ്‌പുതിനെ പോലീസ് പിടികൂടിയത്.


ഭാര്യയുമായുള്ള കുടുംബവഴക്കിനെത്തുടർന്ന് ഇരുവരും ഏറെക്കാലമായി അകന്നാണ് താമസിക്കുന്നത്. മകനെ കാണാൻ ഭാര്യ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പിതാവായ നീലേഷ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. ഭാര്യയും മകൻ കാർത്തികേയയും നിലവിൽ മൊറേനയിൽ യുവതിയുടെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്.


ജൂലൈ 14-ന് സ്‌കൂൾ വിടുന്ന സമയത്ത് കാത്തുനിന്ന പിതാവും കൂട്ടാളിയും ചേർന്ന് കുട്ടിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സംഭവം സ്‌കൂളിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് ചമ്പൽ നദിയിലെ പാലത്തിന് സമീപം സ്‌കൂട്ടർ ഉപേക്ഷിച്ച ശേഷം മറ്റൊരു വാഹനത്തിൽ പ്രതികൾ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നു.


തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ മൊറേനയിലെ ഒരു ലോഡ്ജിൽ 12 ദിവസം താമസിച്ച് സ്‌കൂൾ പരിസരം നിരീക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.


ലോഡ്ജ് ഉടമയുടെ സ്‌കൂട്ടറാണ് ഇവർ കൃത്യത്തിനായി ഉപയോഗിച്ചത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച പോലീസ്, കഴിഞ്ഞ 72 മണിക്കൂറായി നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.


ആദ്യം ഭർത്താവിനെ തിരിച്ചറിയാൻ വിസമ്മതിച്ച കുട്ടിയുടെ അമ്മ, പിന്നീട് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായി. ലോഡ്ജ് ഉടമയും ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത് കേസിൽ നിർണ്ണായകമായി. പ്രതിയായ നീലേഷ് രാജ്‌പുതിനെ അറസ്റ്റ് ചെയ്തെന്നും, സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും മൊറേന പോലീസ് സൂപ്രണ്ട് ധർമ്മരാജ് മീണ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home