ad
Deshabhimani

വില്ലൻ തണ്ണിമത്തനല്ല; കുടുംബത്തിലെ നാലു പേരുടെ മരണം മാരകമായ വിഷം ഉള്ളിൽ ചെന്ന്, ദുരൂഹത

Family

കുടുംബത്തിലെ മരിച്ച നാലുപേർ (വലത്) Photo; NDTV

വെബ് ഡെസ്ക്

Published on May 01, 2026, 09:59 PM | 2 min read

മുംബൈ: കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമല്ല നാലുപേരുടെ മരണത്തിലേയ്ക്ക് നയിച്ചതെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മൊബൈൽ ആക്സസറീസ് ഷോപ്പ് നടത്തിയിരുന്ന 45 കാരനായ അബ്ദുള്ള ഡോകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് കഴിഞ്ഞ ആഴ്ചയിൽ മരണപ്പെട്ടത്.


ഇരകളുടെ ശരീരത്തിലെ ചില അവയവങ്ങൾ പച്ച നിറത്തിൽ കണ്ടതായും ഇത് മാരകമായ ഏതോ വിഷാംശം മൂലമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഫോറൻസിക് പരിശോധനയിലാണ് മാരകമായ വിഷാംശം കണ്ടെത്തിയിരിക്കുന്നത്. നാലുപേരുടെയും മരണത്തിലേയ്ക്ക് നയിച്ചത് തണ്ണിമത്തൻ കഴിച്ചതുമൂലമുണ്ടായ അണുബാധയാണെന്ന തരത്തിൽ വ്യാപകമായ പ്രചരണം നടത്തിയിരുന്നു. തുടർന്ന് വിൽപ്പനയിലും സാരമായ ഇടിവ് സംഭവിച്ചു. പിന്നാലെയാണ് മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന റിപ്പോർട്ടുകൾ എത്തുന്നത്.


ശനിയാഴ്ച അഞ്ച് ബന്ധുക്കൾക്കൊപ്പം ഇവർ പുലാവ് കഴിച്ചിരുന്നു. ബന്ധുക്കൾ പോയ ശേഷം പുലർച്ചെ ഒരു മണിയോടെ കുടുംബം തണ്ണിമത്തൻ കഴിക്കുകയും, പുലർച്ചെ അഞ്ച് മണിയോടെ ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു. ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് എല്ലാവരിലും പ്രകടമായത്. പിന്നാലെ‌ നാലുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില ആന്തരാവയവങ്ങൾ പച്ചനിറത്തിലായതായി പ്രാഥമിക ഫോറൻസിക് പരിശോധനകൾ സൂചിപ്പിക്കുന്നുവെന്ന് എൻഡിടിവി (NDTV) റിപ്പോർട്ട് ചെയ്യുന്നു.


മരിച്ചവരിൽ കണ്ട ലക്ഷണങ്ങളും ആന്തരിക അവയവങ്ങളിലെ മാറ്റങ്ങളും ഒരു സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പരിശോധിച്ച ഡോക്ടർമാരും പറയുന്നു. കൂടാതെ, മരിച്ച അബ്ദുള്ള ഡോകാഡിയയുടെ ശരീരത്തിൽ ശക്തമായ വേദനസംഹാരിയായ മോർഫിൻ (morphine) കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. സാധാരണയായി നിയന്ത്രിതമായ മെഡിക്കൽ സാഹചര്യങ്ങളിൽ മാത്രം നൽകുന്ന ഈ മരുന്ന് എങ്ങനെ ശരീരത്തിലെത്തി എന്നതിൽ അന്വേഷണം നടത്തി വരികയാണ്.


തണ്ണിമത്തനുമായി ഈ മരണങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ശാസ്ത്രീയമായ സ്ഥിരീകരണത്തിന് ശേഷം മാത്രമേ നിഗമനങ്ങളിൽ എത്താൻ കഴിയൂ എന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണപ്പെട്ട കുടുംബത്തോടൊപ്പം പുലാവ് കഴിച്ച മറ്റ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരിച്ച കുടുംബം എന്തെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നോ എന്നും അന്വേഷിച്ചു വരികയാണ്. കൂടുതൽ രാസപരിശോധനകൾക്കായി നാല് പേരുടെയും ആന്തരാവയവങ്ങൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home