ad
Deshabhimani

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് ഡേറ്റ പുറത്തുവിടണം, പ്രധാനമന്ത്രിക്ക് കത്ത്

Ahmedabad plane crash.jpg
വെബ് ഡെസ്ക്

Published on Apr 05, 2026, 01:22 PM | 1 min read

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനിടയാക്കിയ AI 171 വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) ഉൾപ്പെടെയുള്ള ബ്ലാക്ക് ബോക്‌സ് വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളാണ് ഈ ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.


ഗുജറാത്തിലുടനീളമുള്ള 30 ഓളം കുടുംബങ്ങൾ ശനിയാഴ്ച അഹമ്മദാബാദിൽ ഒത്തുകൂടി. ഡാറ്റ പരസ്യമാക്കാൻ കഴിയില്ലെങ്കിൽ ഇരകളുടെ കുടുംബങ്ങൾക്കെങ്കിലും അത് സ്വകാര്യമായി ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. അപകടത്തിന്റെ യഥാർഥ കാരണം സാങ്കേതിക തകരാറാണോ അല്ലയോ എന്നത് അറിയണമെന്ന് കുടുംബങ്ങൾ പറയുന്നു. തങ്ങൾക്ക് പണമല്ല, മറിച്ച് അപകടത്തിന് പിന്നിലെ സത്യമാണ് അറിയേണ്ടതെന്ന് മരിച്ചവരുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.


മരിച്ചവരുടെ വസ്തുക്കൾ വീണ്ടെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി ബന്ധുക്കൾ പറഞ്ഞു. എയർ ഇന്ത്യ സജ്ജമാക്കിയ വെബ്‌സൈറ്റിൽ 25,000-ത്തോളം വസ്തുക്കൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവയുടെ ചിത്രങ്ങൾ വ്യക്തമല്ലാത്തതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല. അധികൃതരുമായി ബന്ധപ്പെടാൻ ഇമെയിൽ സംവിധാനം മാത്രമാണുള്ളത്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഇത് പ്രായോഗികമല്ലെന്നും മറുപടിക്കായി 15 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും കുടുംബങ്ങൾ പരാതിപ്പെടുന്നു.


ഇരകളുടെ സ്വകാര്യ വസ്തുക്കൾ പോർട്ടലിൽ പരസ്യമായി പ്രദർശിപ്പിക്കുന്നത് വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) കഴിഞ്ഞ ജൂലൈയിൽ അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.


2025 ജൂൺ 12ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (ബോയിംഗ് 787-8) പറന്നുയർന്ന ഉടൻ തകർന്ന് വീണ് മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ ആകെ 260 പേർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home