വ്യാജ വിസയും ജോലി വാഗ്ദാനവും; അന്തർസംസ്ഥാന തട്ടിപ്പ് സംഘം പിടിയിൽ

ന്യൂഡൽഹി: അന്തർസംസ്ഥാന വ്യാജ വിസ റാക്കറ്റ് ഡൽഹി പൊലീസിന്റെ പിടിയിൽ. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സിവാൻ നിവാസിയായ സലാവുദ്ദീൻ മൻസൂരി എന്ന ഹൈദർ ഖാൻ (38), ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള എംഡി ഷഹസാദ് (34), ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്നുള്ള കൗഷർ (32) എന്നിവരാണ് പിടിയിലായത്. വിദേശത്ത് ജോലി, വിസ എന്നിവ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ചതായാണ് കണ്ടെത്തൽ.
തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് വ്യാജ വിസ റാക്കറ്റ് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയത്. പിതംപുരയിലെ നേതാജി സുഭാഷ് പ്ലേസിന് സമീപം നടത്തിയ ഏകോപിത റെയ്ഡിലാണ് റാക്കറ്റ് പിടിയിലായത്. റഷ്യ, തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് തൊഴിലന്വേഷകരെ ഇവർ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. വ്യജ വിസ നൽകിയതായും പരാതിയുണ്ട്.
'സാബ എന്റർപ്രൈസസ്' എന്ന പേരിൽ ഒരു വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി വഴിയാണ് പ്രതികൾ പ്രവർത്തിച്ചിരുന്നത്. ഉദ്യോഗാർഥികളുടെ വിശ്വാസം നേടുന്നതിനായി മൻസൂരി എച്ച്ആർ മാനേജരായി ആൾമാറാട്ടം നടത്തി. വിദേശ ജോലി വാഗ്ദാനങ്ങൾ നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പരസ്യത്തിനായി ഉപയോഗിച്ചു. ഇരകളിൽ നിന്ന് പാസ്‌പോർട്ടുകൾ കൈക്കലാക്കി അവയിൽ വ്യാജ സ്റ്റാമ്പുകൾ പതിപ്പിക്കുകയും വ്യാജ വിസകൾ നിർമ്മിക്കുകയും ചെയ്തു. രേഖകൾ ശരിയാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ വെരിഫിക്കേഷൻ ലിങ്കുകളും, താൽക്കാലികമായതോ റദ്ദാക്കിയതോ ആയ വിമാന ടിക്കറ്റുകളും നൽകി.
അഞ്ച് ഒറിജിനൽ പാസ്‌പോർട്ടുകൾ, വ്യാജ വിസ വിവരങ്ങൾ അടങ്ങിയ ഏഴ് മൊബൈൽ ഫോണുകൾ, ജോബ് ലെറ്ററുകൾ, ഇ-ടിക്കറ്റുകൾ, പണം, വ്യാജ പേരുകളിലുള്ള ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും ഡെബിറ്റ് കാർഡുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.










0 comments