ഡിജിറ്റൽ പേയ്മെന്റ് കമ്പനി ജീവനക്കാരനായി ചമഞ്ഞ് തട്ടിപ്പ്; ഇരുപതുകാരൻ പിടിയിൽ

Representative Image | AI
ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമിലെ ജീവനക്കാരനായി ചമഞ്ഞ് കിഴക്കൻ ഡൽഹിയിലെ കടയുടമകളെ കബളിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പേയ്മെന്റ് അറിയിപ്പുകൾ നൽകുന്ന സൗണ്ട് ബോക്സുകളിലെ തകരാർ പരിശോധിക്കാനെന്ന വ്യാജേന എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഉത്തർപ്രദേശിലെ മുരാദ് നഗർ സ്വദേശിയായ സണ്ണി കുമാറിനെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്.
ഏപ്രിൽ 8ന് ന്യൂ അശോക് നഗർ സ്വദേശിയായ ഋഷിപാൽ സിങ് നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഡിജിറ്റൽ പേയ്മെന്റ് സേവനദാതാവിന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് ഒരാൾ തന്റെ കടയിലെത്തിയതായും തകരാറുള്ള സൗണ്ട് ബോക്സ് പരിശോധിക്കാമെന്ന് വാഗ്ദാനം ചെയ്തതായും സിങ് പരാതിയിൽ പറഞ്ഞു.
"പരിശോധനയ്ക്കിടെ പ്രതി പരാതിക്കാരന്റെ വിശ്വാസം പിടിച്ചുപറ്റുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ഫോണിലെ സിം കാർഡ് മാറ്റി അത് ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 13,500 രൂപ പിൻവലിക്കുകയും ചെയ്തു." - പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 15ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഇടപാടുകൾ വിശകലനം ചെയ്ത പൊലീസ് സംഘം, തട്ടിയെടുത്ത പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. കെവൈസി വിശദാംശങ്ങളും സാങ്കേതിക നിരീക്ഷണവും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും മുരാദ് നഗറിൽ നിന്ന് പിടികൂടിയതും.
ചോദ്യം ചെയ്യലിൽ, സണ്ണി കുമാർ മുൻപ് ഒരു ഡിജിറ്റൽ പേയ്മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തി. ഇത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെക്കുറിച്ചും ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ ഇയാളെ സഹായിച്ചു. ഈ അറിവ് ദുരുപയോഗം ചെയ്താണ് സൗണ്ട് ബോക്സുകൾ ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികളെ ഇയാൾ ലക്ഷ്യം വെച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.










0 comments