ad
Deshabhimani

പൊലീസ് ചമഞ്ഞ് തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്തു; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

police fake money

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 11, 2026, 03:35 PM | 2 min read

ന്യൂഡൽഹി : ന്യൂഡൽഹിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരാണെന്ന് ചമഞ്ഞ് രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ പിടികൂടി. ഔട്ടർ ഡൽഹിയിലെ പിതംപുര പ്രദേശത്താണ് തട്ടിപ്പു നടന്നത്. മൂന്നു പേരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. ഇവരുടെ കൈവശം നിന്ന് 33.5 ലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.രാജസ്ഥാനിലെ സിരോഹി സ്വദേശിയാണ് പരാതിക്കാരൻ. മെയ് 9 ന് തന്റെ സുഹൃത്തിനൊപ്പം തൊഴിലുടമ കൈമാറിയ പണം എത്തിക്കാനാണ് ഇയാൾ ഡൽഹിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.


പിതാംപുരയിലെ വർധമാൻ പ്ലാസയ്ക്ക് സമീപം ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി ബാഗിൽ പണവുമായി തരുൺ എൻക്ലേവിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് സംഭവമുണ്ടായത്. രണ്ട് പേർ രാജസ്ഥാൻ സ്വദേശിയെ സമീപിച്ച് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. തുടർന്ന് അയാളെ ചോദ്യം ചെയ്യാൻ തുടങ്ങിയ ശേഷം പണമടങ്ങിയ ബാഗ് കൈവശപ്പെടുത്തി. തുടർന്ന് പരാതിക്കാരനോട് സ്ഥലത്ത് കാത്തിരിക്കാൻ പറഞ്ഞ പ്രതികൾ മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ അവിടെ എത്തുന്നുണ്ടെന്ന് പറഞ്ഞ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു.


പ്രതികൾ രക്ഷപ്പെടുന്നതിന് മുമ്പ് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പരാതിക്കാരൻ എഴുതിയെടുത്ത ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. ബാഗിൽ 9 ലക്ഷം രൂപയുണ്ടെന്നാണ് ഇയാൾ ആദ്യം പറഞ്ഞിത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ബാഗിലുണ്ടായിരുന്ന യഥാർത്ഥ തുക 50 ലക്ഷം രൂപയാണെന്ന് അയാൾ വെളിപ്പെടുത്തി. ഭയം കാരണമാണ് കണക്ക് മറച്ചുവെച്ചിതെന്നും പരാതിക്കാരൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.


പരാതിയുടെ അടിസ്ഥാനത്തിൽ മംഗോൾപുരി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒന്നിലധികം ടീമുകൾ രൂപീകരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാനയിലെ സോണിപത്തിൽ റെയ്ഡ് നടത്തി. ഞായറാഴ്ച ഗൊഹാനയിൽ നിന്ന് പ്രതിയെ പിടികൂടി- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


സോണിപത്ത് നിവാസികളായ വിനയ് എന്ന മോണ്ടി (20), കുൽദീപ് (30) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. 33.5 ലക്ഷം രൂപ, മോഷ്ടിച്ച പണമുപയോഗിച്ച് വാങ്ങിയതായി പറയപ്പെടുന്ന രണ്ട് ഐഫോണുകൾ, പണമടങ്ങിയ ബാഗ്, ബൈക്ക് എന്നിവ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനും ബാക്കി തുക തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home