കനത്ത മഴയില്‍ എക്സ്പ്രസ് വേ ഇടിഞ്ഞുവീണു; റോഡ് ഉണക്കാന്‍ എത്തിച്ചത് ഇലക്ട്രിക് ഫാനുകള്‍

ലഖ്നൗ : ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം യുപിയിൽ എക്സ്പ്രസ് വേ ഇടിഞ്ഞുതാഴ്ന്നതിന് പരിഹാരമായി കരാറുകാരന്‍ കൊണ്ടുവന്നത് ഇലക്ട്രിക്ക് ടേബിള്‍ ഫാനുകള്‍. അറ്റകുറ്റപ്പണികളുടെ ഭാഗമായി അടിത്തട്ടിലെ മണ്ണുണക്കാന്‍ ഇലക്ട്രിക് ഫാനുകള്‍ നിരത്തിവക്കുകയായിരുന്നു. തകര്‍ന്ന റോഡിന്റെ അടിത്തട്ടിലെ മണ്ണ് ഉണക്കുന്നതിന് ഇലക്ട്രിക് ഫാനുകൾ നിരത്തിവെച്ചിരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സംസ്ഥാനത്താണ് എക്സ്പ്രസ് വേയ്ക്ക് ഉറപ്പുണ്ടാകാന്‍ ഫാന്‍കൊണ്ടുവന്ന് നിരത്തിവച്ചുകൊണ്ടുള്ള വ്യത്യസ്തമായ നിര്‍മാണം പ്രവര്‍ത്തനം ലോകത്തിന് കാണാനായത്.
4,200 കോടി രൂപ ചെലവഴിച്ച് പണിത ലഖ്നൗ - കാൻപൂർ എക്സ്പ്രസ് വേയാണ് കനത്ത മഴയിൽ ഇടിഞ്ഞുവീണത്. മണ്ണിലെ ഈർപ്പം പൂർണമായും ഒഴിവാക്കിയ ശേഷം മാത്രമേ റോഡ് പുനർനിർമാണം തുടങ്ങാനാകുവെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് മറ്റ് യന്ത്രങ്ങൾക്കൊപ്പം ഇലക്ട്രിക് ഫാനുകളും വെച്ച് മണ്ണ് ഉണക്കുകയാണിപ്പോള്‍. കനത്ത മഴയിൽ റോഡിന്റെ അടിവശത്തുള്ള വിവിധ പാളികളിലേക്ക് ഇറങ്ങിച്ചെന്നതാണ് റോഡിന്റെ ബലം കുറയാൻ കാരണമായതെന്നാണ് ദേശീയപാത അതോറിറ്റി നൽകുന്ന വാദം.
ബിജെപി സർക്കാരിന്റെ പുതിയ വികസനമാതൃക എന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോക്ക് കീഴിൽ നിരവധി കമന്റുകളാണ് വന്നത്. തകർന്ന റോഡിന്‍റെ ഇതേ ഭാഗത്ത് ഒരു മാസത്തിന് മുമ്പും അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതിനുശേഷം വീണ്ടും മഴ പെയ്തതോടെ അതേ ഭാഗത്ത് റോഡ് ഇടിയുകയുകയായിരുന്നു. നിലവില്‍ റോഡ് തകർന്നതിനെ തുടർന്ന് എക്‌സ്പ്രസ് വേയുടെ ഒരു കാരിയേജ് വേ അടച്ചിരിക്കുകയാണ്. അതിനാൽ കാൺപൂരിലേക്കും ലഖ്‌നൗവിലേക്കുമുള്ള വാഹനങ്ങളും ഒരൊറ്റ കാരിയേജ് വേയിലൂടെയാണ് ഇരുദിശകളിലേക്കും കടത്തിവിടുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.









0 comments