യുപിയിൽ അധ്യാപക യോഗ്യതാ പരീക്ഷയിൽ ആൾമാറാട്ടം; വ്യാജൻ എത്തിയത് 1.5 ലക്ഷം പ്രതിഫലം ഉറപ്പിച്ച്

പ്രതീകാത്മക ചിത്രം
ബറേലി: ഉത്തർപ്രദേശ് എഡ്യൂക്കേഷൻ സർവീസ് സെലക്ഷൻ കമ്മീഷൻ നടത്തിയ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ പരീക്ഷ എഴുതാനെത്തിയ വ്യാജൻ പിടിയിലായി. അസംഘട്ട് സ്വദേശിയായ പ്രമോദ് കുമാർ എന്നയാളെയാണ് പരീക്ഷാ കേന്ദ്രത്തിൽ വെച്ച് കൈയോടെ പിടികൂടിയത്.
ഫറൂഖാബാദ് സ്വദേശിയായ വിമൽ കുമാർ എന്ന ഉദ്യോഗാർത്ഥിക്ക് വേണ്ടിയാണ് പ്രമോദ് കുമാർ പരീക്ഷ എഴുതാനെത്തിയത്. ബറേലിയിലെ ഇസ്ലാമിയ ഗേൾസ് ഇന്റർ കോളേജ് പരീക്ഷാ കേന്ദ്രത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.
പരീക്ഷ ആരംഭിച്ചതിന് ശേഷം നടന്ന രേഖാ പരിശോധനകൾക്കിടയിലാണ് തട്ടിപ്പ് പുറത്തായത്. പരീക്ഷാ കേന്ദ്രത്തിലുണ്ടായിരുന്ന സ്റ്റാറ്റിക് മജിസ്‌ട്രേറ്റും കോളേജ് അധികൃതരും പ്രമോദ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഇയാളുടെ ആധാർ കാർഡ്, അഡ്മിറ്റ് കാർഡ്, ബയോമെട്രിക് വിവരങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു. ബോയോമെട്രിക് താരതമ്യത്തിലാണ് ആൾമാറാട്ടമാണ് നടന്നതെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് അധികൃതർ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.
പ്രതിഫലം 1.5 ലക്ഷം രൂപ
പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പരീക്ഷ പാസാക്കി നൽകുന്നതിനായി യഥാർത്ഥ ഉദ്യോഗാർത്ഥിയായ വിമൽ കുമാറുമായി 1.5 ലക്ഷം രൂപയുടെ ഇടപാടാണ് ഉറപ്പിച്ചിരുന്നതെന്ന് പ്രമോദ് വെളിപ്പെടുത്തി. തുകയുടെ ഒരു ഭാഗം അഡ്വാൻസായി വാങ്ങിയിരുന്നു. ബാക്കി തുക പരീക്ഷാ ഫലം വന്നതിന് ശേഷം നൽകാമെന്നായിരുന്നു കരാർ.
ബറേലി ജില്ലയിലുടനീളം ജൂൺ 3-നാണ് ടിജിടി പരീക്ഷ ആരംഭിച്ചത്. 20 പരീക്ഷാ കേന്ദ്രങ്ങളിലായി 32,365 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ആൾമാറാട്ടവും ക്രൃത്രിമവും സംബന്ധിച്ച പരാതികൾക്കിടയിലാണ് പരിശോധന നടത്തിയത്. ഉത്തര്‍ പ്രദേശിൽ ജനുവരിയിൽ നടന്ന അസിസ്റ്റ് പ്രൊഫസര്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തെളിഞ്ഞതിനെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നിരുന്നു.









0 comments