ad
Deshabhimani

print edition അംബാനിയുടെ കടപത്രത്തിൽ നിക്ഷേപം; ഇപിഎഫ്‌ഒയുടെ 1816 കോടി ആവി

EPFO.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 01:30 AM | 1 min read

ന്യൂഡൽഹി : അനിൽ അംബാനിയുടെ റിലയൻസ്‌ ക്യാപിറ്റൽ ലിമിറ്റഡിൽ ഭീമമായ തുക നിക്ഷേപിച്ച എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷന്‌ (ഇപിഎഫ്‌ഒ) 1816.22 കോടി രൂപ നഷ്ടപ്പെട്ടു. റിലയൻസ്‌ ക്യാപിറ്റൽ നിക്ഷേപ സമാഹരണത്തിനായി പുറപ്പെടുവിച്ച പരിവർത്തനം ചെയ്യാനാകാത്ത കടപത്രങ്ങളിൽ (എൻസിഡി) നിക്ഷേപിച്ച കോടികളാണ്‌ ആവിയായത്‌. തൊഴിൽ മന്ത്രാലയത്തിന്റെ പരാതിയിൽ കമ്പനിക്കും ചെയർമാൻ അനിൽ അംബാനിക്കുമെതിരെ സിബിഐ കേസെടുത്തു. വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും നടത്തി നഷ്ടമുണ്ടാക്കിയെന്നാണ്‌ കേസ്‌. തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ്‌ കമ്പനിയുടെ ന്യായീകരണം.


2013–2014 കാലയളവിലാണ്‌ ഇപിഎഫ്‌ഒ 2500 കോടി രൂപ നിക്ഷേപിച്ചത്‌. 2023–2024 ആകുന്പോൾ കാലാവധി പൂർത്തിയായി ലാഭസഹിതം നിക്ഷേപത്തുതുക മടക്കിനൽകുമെന്നായിരുന്നു വാഗ്‌ദാനം. 2019 ഡിസംബർ ഏഴ്‌ മുതൽ 2021 ഡിസംബർ ആറ്‌ വരെയുള്ള കാലയളവിൽ വഞ്ചനാപരമായ ഇടപാടുകളിലൂടെയും ഫണ്ടുകളുടെ ദുർവിനിയോഗത്തിലൂടെയും തിരിച്ചടവിൽ റിലയൻസ്‌ വീഴ്‌ചവരുത്തി. ഇതിലൂടെ ഇപിഎഫ്‌ഒയ്ക്ക്‌ മുതലിനത്തിൽ 1,007.55 കോടിയും പലിശ 808.67 കോടിയും നഷ്ടമായി.


ഓഡിറ്റ്‌ സേവനങ്ങൾ നൽകുന്ന ബിഡിഒ ഇന്ത്യ എൽഎൽപിയും എൻഫോഴ്‌സ്‌മെന്റ്‌ ഡയക്‌ട്റേറ്റും നടത്തിയ പ്രാഥമിക പരിശോധനയിൽ തട്ടിപ്പിന്‌ തെളിവുകൾ ലഭിച്ചു. ഇതേതുടർന്നാണ്‌ കേസെടുത്തത്‌.

ഇപിഎഫ്‌ഒ ഫണ്ട്‌ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച്‌ വലിയ ആക്ഷേപങ്ങളും പരാതികളുമുള്ളപ്പോഴാണ്‌ ഭീമമായ നഷ്ടത്തിന്റെ വാർത്ത പുറത്തുവന്നത്‌. കോടിക്കണക്കിന്‌ തൊഴിലാളികളുടെ വിരമിക്കൽ ആനുക‍ൂല്യങ്ങൾ കൈകാര്യംചെയ്യുന്ന സ്ഥാപനമെന്ന നിലയ്ക്കുള്ള ജാഗ്രതയോ പരിശോധനയോ ഇല്ലാതെ ബോണ്ടുകളിലും കടപത്രങ്ങളിലും മറ്റും വൻ നിക്ഷേപങ്ങൾ നടത്തുന്നത്‌ വലിയ സാന്പത്തികനഷ്ടമുണ്ടാക്കുമെന്ന്‌ മുന്നറിയിപ്പുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home