ad
Deshabhimani

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവയ്ക്കണം: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

Gyanesh Kumar.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 10:29 PM | 2 min read

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു). കമീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവും ഉത്തരവാദിത്തപരവുമായ പ്രവർത്തനം ചോദ്യം ചെയ്യപ്പെടുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഉടൻ രാജിവയ്ക്കണമെന്നും എഐഎൽയു ആവശ്യപ്പെട്ടു.


സെപ്റ്റംബർ 22ന് പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് എഐഎൽയുവിന്റെ പ്രതികരണം. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് എഐഎൽയു ആരോപിച്ചു.


കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾക്കും പുറപ്പെടുവിച്ച ഉത്തരവുകൾക്കുമെതിരെ രേഖാമൂലം എതിർപ്പ് അറിയിച്ചതായും എഐഎൽയു പറഞ്ഞു. പുതിയ വോട്ടർ രജിസ്ട്രേഷൻ, വോട്ടർപട്ടികയിൽനിന്നുള്ള പേരുകൾ നീക്കം ചെയ്യലും പുനഃസ്ഥാപിക്കലും, എസ്ഐആർ നടപടികളിൽ വോട്ടർമാരെ പുനഃസ്ഥാപിച്ച ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകൽ, വോട്ടർപട്ടികയുടെ സുരക്ഷയും സൂക്ഷിപ്പും തുടങ്ങിയ വിഷയങ്ങളിലാണ് അഭിപ്രായവ്യത്യാസമുണ്ടായതെന്നും സംഘടന വ്യക്തമാക്കി.


കമീഷന്റെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് കമീഷന്റെ പേരിൽ കത്തുകളും ഉത്തരവുകളും പുറപ്പെടുവിച്ചെന്നും ഒരു വർഷത്തിലേറെയായി കമ്മിഷൻ യോഗങ്ങൾക്ക് മുന്നോടിയായി അജണ്ട ലഭിച്ചിരുന്നില്ലെന്നും മറ്റ് രണ്ട് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയതായി എഐഎൽയു പറഞ്ഞു. ഫോം 6ലെ മാറ്റങ്ങളും അനധികൃതവും നിയമവിരുദ്ധവുമാണെന്ന് അവർ നിലപാടെടുത്തതായും സംഘടന വ്യക്തമാക്കി. പശ്ചിമ ബംഗാൾ ട്രിബ്യൂണലുകൾക്ക് മുമ്പാകെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പേരിൽ നൽകിയ അപ്പീലുകൾക്ക് ആരാണ് അനുമതി നൽകിയതെന്ന ചോദ്യവും അവർ ഉന്നയിച്ചതായി എഐഎൽയു അറിയിച്ചു.


തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും കമ്മിഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും എഐഎൽയു അഭിപ്രായപ്പെട്ടു. കമീഷണർമാരെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന സ്വതന്ത്ര സമിതി വേണമെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ അനൂപ് ബരൻവാൾ കേസിലെ നിർദേശവും സംഘടന ചൂണ്ടിക്കാട്ടി.


2023ലെ ചീഫ് ഇലക്ഷൻ കമീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്സ് (അപ്പോയിന്റ്മെന്റ്, കണ്ടീഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്) നിയമത്തിൽ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിനുള്ള സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പകരം കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയതിനെതിരെയും എഐഎൽയു വിമർശനം ഉന്നയിച്ചു. ഈ നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.


തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായ രീതിയിലാണ് കമീഷന്റെ പ്രവർത്തനമെന്ന് ആരോപിച്ച എഐഎൽയു ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി. കമീഷന്റെ അന്തസും സ്വാതന്ത്ര്യവും ഉത്തരവാദിത്തവും വീണ്ടെടുക്കുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഉടൻ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരം ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.


2023ലെ നിയമം ഭേദഗതി ചെയ്ത് ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി സ്വതന്ത്രമായ തെരഞ്ഞെടുപ്പ് സമിതി രൂപീകരിക്കണമെന്നും എഐഎൽയു ആവശ്യപ്പെട്ടു. എഐഎൽയു പ്രസിഡന്റ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥുമാണ് സെപ്തംബർ 23ന് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യങ്ങൾ ഉന്നയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home