print edition അന്തിമ വോട്ടർ പട്ടിക; കരടിൽ ഇല്ലാത്തവർക്കും അപേക്ഷിക്കാം

ന്യൂഡൽഹി : വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (എസ്‌ഐആർ) കരട് പട്ടികയിൽ പേരില്ലാത്ത, മുന്പ് പട്ടികയിൽ ഉൾപ്പെട്ടിരുന്നവർക്കും ഫോം ആറ് സമർപ്പിച്ച് പേര് വീണ്ടും ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. നേരത്തെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതുകാരണം ഇവർക്കെതിരെ ജനപ്രാതിനിധ്യനിയമത്തിലെ 31ാം വകുപ്പ് പ്രകാരം നടപടി എടുക്കില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ഫോം ആറ് സമർപ്പിക്കുന്പോൾ നേരത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്നില്ലെന്ന പ്രഖ്യാപനം നൽകേണ്ടതിനാൽ തെറ്റായ സത്യവാങ്‌മൂലം നൽകിയെന്ന പേരിൽ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായിരുന്നു. ഇൗ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തത വരുത്തി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസർമാർക്ക് കത്തയച്ചത്.
കരട് പട്ടികയിൽ പേരില്ലാത്തവർക്ക് അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയതായി അപേക്ഷിക്കാം. അതേസമയം, ഫോം ആറ് നൽകുന്നവർ മറ്റൊരു പാർലമെന്റ്, നിയമസഭാ മണ്ഡലത്തിൽ വോട്ടറായി രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന പ്രഖ്യാപനം നിയമാനുസരണം നൽകണം. ഒന്നാം തവണ വോട്ടറല്ലാത്ത ഒരാൾ ഫോം ആറ് സമർപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.








0 comments