ad
Deshabhimani

സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണ്ണയത്തിലെ ഗുരുതര പിഴവുകൾ; വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നടപടിക്കെതിരെ എസ്എഫ്‌ഐ

SFI.jpg
വെബ് ഡെസ്ക്

Published on May 22, 2026, 06:19 PM | 1 min read

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിലെ ഗുരുതരമായ പിഴവുകളും അനാസ്ഥയുംക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തുന്ന തരത്തിലുള്ള മൂല്യനിർണ്ണയ രീതിയാണ് ഇത്തവണ സിബിഎസ്ഇ സ്വീകരിച്ചിരിക്കുന്നത്.


പരീക്ഷാ ഫലത്തിലെ വൻ ഇടിവും, അർഹമായ മാർക്ക് ലഭിക്കാത്തതും, മിടുക്കരായ വിദ്യാർത്ഥികൾ പോലും തോൽക്കാനിടയായതും അങ്ങേയറ്റം ഗൗരവകരമാണെന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.


ജെഇഇ മെയിൻ പോലുള്ള കടുത്ത മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും ബോർഡ് പരീക്ഷകളിൽ കുറഞ്ഞ മാർക്ക് ലഭിച്ചതും തോറ്റതും മൂല്യനിർണ്ണയ സംവിധാനത്തിലെ തകരാറുകളാണ് വെളിപ്പെടുത്തുന്നത്.


'ഡിജിറ്റൽ ഇവാലുവേഷൻ', 'ഓൺ-സ്ക്രീൻ മാർക്കിംഗ്' തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളുടെ പേര് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ബോർഡിന് ഒഴിഞ്ഞുമാറാനാവില്ല. ആയിരക്കണക്കിന് ഉത്തരക്കടലാസുകൾ വീണ്ടും സ്‌കാൻ ചെയ്യേണ്ടി വന്നതും പുനർമൂല്യനിർണ്ണയം നടത്തേണ്ടി വന്നതും ഈ സംവിധാനത്തിന്റെ പരാജയമാണ് തെളിയിക്കുന്നത്.


വിവാദമായ എല്ലാ ഉത്തരക്കടലാസുകളും സുതാര്യമായ രീതിയിൽ ഉടൻ പുനർപരിശോധന നടത്തുക. പുനർമൂല്യനിർണ്ണയം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അത് സൗജന്യമായും എളുപ്പത്തിലും ലഭ്യമാക്കുക. വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം സാങ്കേതിക അനാസ്ഥകൾക്കെതിരെ ഉന്നതതല അന്വേഷണം നടത്തുക.


വിദ്യാഭ്യാസം കേവലം കണക്കുകൾ മാത്രമായി കാണുന്ന നവലിബറൽ നയങ്ങളാണ് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത്. ദരിദ്ര-തൊഴിലാളി വർഗ്ഗ കുടുംബങ്ങളിൽ നിന്നും ഒന്നാം തലമുറ പഠിതാക്കളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് ചെറിയൊരു മാർക്ക് വ്യത്യാസം പോലും അവരുടെ ഉപരിപഠനത്തെയും ഭാവി അവസരങ്ങളെയും വലിയ തോതിൽ ബാധിക്കും.


ഭരണകൂടത്തിന്റെ കഴിവുകേടിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി ബലികഴിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. വിദ്യാഭ്യാസം ജനാധിപത്യപരമായ അവകാശമാണെന്നും, ബോർഡിന്റെ അനാസ്ഥയിൽ വലയുന്ന ഓരോ വിദ്യാർത്ഥിക്കൊപ്പവും എസ്എഫ്‌ഐ ഉറച്ചുനിൽക്കുമെന്നും നേതാക്കൾ പറഞ്ഞു. നീതി ലഭിക്കും വരെ ഈ വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home