തെരഞ്ഞെടുപ്പ് അടുത്തതോടെ പളനിസ്വാമി ഡൽഹിക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച

ചെന്നെെ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അണിയറയിൽ അരങ്ങേറുന്നത് നാടകീയ രംഗങ്ങൾ. എഐഎഡിഎംകെ നേതാവ് പളനി സ്വാമി ഡൽഹിയിലെത്തി അമിത്ഷായുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ് തമിഴകത്ത് നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വാർത്ത.
രണ്ട് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച എഐഎഡിഎംകെ വീണ്ടും എൻഡിഎ സഖ്യവുമായി കൂട്ടുചേരുന്നതിന്റെ സൂചന കൂടിയാകുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പളനിസ്വാമി മുമ്പ് അവസാനിപ്പിച്ച ബന്ധമാണ് നിലനിൽപ്പിനായി വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ബിജെപിയുമായി ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് എഐഎഡിഎംകെ അമിത്ഷായെ കാണാനാെരുങ്ങുന്നത്.
ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉയർത്തുന്ന ഡിഎംകെ തമിഴ്നാട്ടിൽ തങ്ങളുടെ വേരോട്ടം ശക്തിപ്പെടുത്തുന്നതിനിടെയാണ് പുതിയ സാധ്യതകൾ തേടി എഐഡിഎംകെ ബിജെപിയുമായി കൂട്ടുചേർന്ന് തെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഡിഎംകെയ്ക്കെതിരായി സൂപ്പർ താരം വിജയുടെ പാർടിയായ തമിഴക വെട്രി ഘടകം നിലയുറപ്പിക്കുന്നതും തമിഴ്നാട്ടിൽ പ്രവചനാതീതമായ രാഷ്ട്രീയത്തിനുള്ള സാധ്യതകൾ തുറക്കുകയാണ്
തങ്ങൾ ആരോടൊപ്പമാണെന്നോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിക്കുമെന്നോ ഒന്നും വിജയ് ഇതുവരെ ഒരു വേദിയിലും പറഞ്ഞിട്ടില്ല. പെരിയാറടക്കമുള്ള ഇതിഹാസ നായകരുടെ ചിത്രങ്ങൾ വേദിയിലുണ്ടായിരുന്നു എന്നല്ലാതെ തങ്ങളുടെ പാർട്ടി പ്രഖ്യാപന ദിവസം എന്തായിരിക്കും രാഷ്ട്രീയ നീക്കം എന്നതിനെ കുറിച്ച് ഒരു സൂചനയും ആർക്കും നൽകിയിരുന്നില്ല. ഇതുതന്നെയാണ് തമിഴ് രാഷ്ട്രീയത്തെ നിർണായകമാക്കുന്നത്.
തമിഴ്നാട്ടിൽ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് അനിശ്ചിതത്വത്തിലാവുകയും രാജ്യതലസ്ഥാനത്ത് നിന്നുള്ള സമ്മർദ്ദവും ബിജെപി കൂട്ടുകെട്ടിലേക്ക് എഐഎംഡികെ തിരിയാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുമെങ്കിൽ ബിജെപിയുമായി തമിഴ്നാട്ടിൽ സഖ്യമുണ്ടാക്കും- പളനിസ്വാമിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.
സമീപകാലത്ത് ഹിന്ദു വികാരം ഉയർത്തി രാഷ്ട്രീയ പരീക്ഷണം നടത്തിയ ബിജെപിയുടെ പുതുതലമുറ നേതാക്കളെ തമിഴ് ജനത നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. ഈ തിരിച്ചടിയെ നേരിടാനാണ് അതീവ ദുർബലരായി തമിഴ് രാഷ്ട്രീയത്തിൽ നിലകൊള്ളുന്ന എഐഡിഎംകെയെ ബിജെപി കൂടെ നിർത്താനൊരുങ്ങുന്നത്. അതേസമയം , തമിഴകത്തെ സൂപ്പർ സ്റ്റാറുകളിൽ ഏറ്റവും പ്രമുഖരായ രജിനി കാന്തും കമൽ ഹാസനും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ട മേഖലയിലേക്കാണ് വിജയ് തന്റെ കൊടിയുയർത്തുന്നത്.
രജനി മക്കൾ മന്റം എന്ന പേരിൽ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങിയ സൂപ്പർ സ്റ്റാർ രജനി കാന്തിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയായിരുന്നു. ഉലക നായകൻ കമൽ ഹാസൻ പക്ഷേ, അതിലും കുറച്ചുകൂടി മുന്നോട്ടു പോയി. മക്കൾ നീതി മയ്യം എന്ന പേരിൽ രാഷ്ട്രീയ കക്ഷി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പാർട്ടി സംഘടിപ്പിച്ച സമ്മേളനങ്ങളിൽ വലിയ ജനപങ്കാളിത്തമുണ്ടായെങ്കിലും തമിഴിലെ സൂപ്പർ താരങ്ങൾ രാഷ്ട്രീയ പ്രവേശം നടത്തിയാലുണ്ടാകുന്ന ഓളമൊന്നും സൃഷ്ടിക്കാൻ ഉലക നായകന് കഴിഞ്ഞില്ല
ഈ സ്പേസിലേക്കൊക്കെയാണ് വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയുമായി എത്തുന്നത്. ശക്തരായ ഡിഎംകെയെ വെല്ലുവിളിക്കാൻ വിജയ്ക്കാകുന്നുണ്ടോ എന്നത് പോലെ തന്നെയാണ് ജനം ഒഴിവാക്കിയ ബിജെപി എഐഎഡിഎംകെ എന്ന തോണിയിലേറി വീണ്ടും ദ്രാവിഡ മണ്ണിലേക്ക് ഹിന്ദുത്വം ലക്ഷ്യമായി എത്തുന്നതും.
ജയലളിതുയടെ മരണത്തോടനുബന്ധിച്ചാണ് എഐഡിഎംകെ ആദ്യമായി 2016ൽ ബിജെപിയോടൊപ്പം ചേരുന്നത്. വളരെ കുറച്ചുകാലം. പാർടിയുടെ പിളർപ്പും ഇതിന് കാരണമായി. അന്നെടുത്ത പല തീരുമാനങ്ങളും ബിജെപിയുടെ സ്വാധീനത്തിൽ കൂടിയായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഡിഎംകെ വൻ മുന്നേറ്റം നടത്തിയതോടെ പളനിസ്വാമി ബിജെപി സഖ്യത്തിൽ നിന്നും പിൻമാറുകയും 2023 ഓടെ സഖ്യം വേർപിരിയുകയുമായിരുന്നു.
അതേസമയം തന്നെ ഡിഎംകെയുടെ ലോക്സഭയിലെ വൻ വിജയവും സ്റ്റാലിൻ ബിജെപിക്കെതിരായ ഏറ്റവും ശക്തമായ മുഖങ്ങളിലൊന്നാവുകയും ചെയ്തതോടെ എഐഎഡിഎംകെയ്ക്ക് തമിഴ് മനസിലിടം നേടാൻ ശരിക്കും വിയർപ്പൊഴുക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.










0 comments