അനധികൃത സ്വത്ത് സമ്പാദന കേസ്; ജഗൻ മോഹൻ റെഡ്ഡിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡാൽമിയ സിമന്റ്‌സിന്റെ 377 കോടി രൂപയുടെ ഭൂമിയും അന്വേഷണ ഏജൻസി കണ്ടുകെട്ടി. സ്ഥലത്തിന്റെ നിലവിലെ വില 793.3 കോടി രൂപയാണ്. ഇഡിയുടെ ഹൈദരാബാദ് യൂണിറ്റ് മാർച്ച് 31ന് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 15നാണ് ഡാൽമിയ സിമൻറ്സ് (ഭാരത്) ലിമിറ്റഡിന് സ്വത്ത് കണ്ടുകെട്ടുന്നതായി അറിയിപ്പ് ലഭിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ 14 വർഷത്തിന് ശേഷമാണ് ഇ ഡി നടപടി.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്റ്സ്, രഘുറാം സിമന്റ്സ് എന്നീ കമ്പനികളില്‍ ഡാല്‍മിയ സിമന്റ്സ് നിക്ഷേപം നടത്തിയിരുന്നു. ഇതിനു പകരമായി ജഗന്‍ വഴി കഡപ്പയില്‍ 407 ഹെക്ടര്‍ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമന്റ്സിന് കിട്ടിയതായാണ് സിബിഐയും ഇ ഡിയും കണ്ടെത്തിയത്. കേസിൽ ജഗൻ റെഡ്ഡി, ഡിസിബിഎൽ എന്നിവർക്കെതിരെ ഐപിസിയിലെയും അഴിമതി നിരോധന നിയമത്തിലെയും ഒന്നിലധികം വകുപ്പുകൾ പ്രകാരം 2013-ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.










0 comments