പിഎംഎൽഎ; മേഘാലയയിൽ ഒരു കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ ഡി

ഷില്ലോങ് : ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഗ്ലോബൽ മീഡിയ ആപ്പുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 1.06 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 45 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു. വ്യാജ ഓൺലൈൻ വരുമാന, നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപകരെ ആകർഷിച്ച് തട്ടിപ്പ് നടത്തിയ കേസിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ഇഡിയുടെ ഷില്ലോംഗ് സബ്-സോണൽ ഓഫീസാണ് സ്വത്ത് കണ്ടുകെട്ടിയത്.
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മദൻറൈറ്റിംഗ് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. പരസ്യ വീഡിയോകൾ കാണുന്നതിലൂടെ ഉപയോക്താക്കൾക്ക് ദിവസേന വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു ഓൺലൈൻ പരസ്യ പ്ലാറ്റ്‌ഫോമെന്ന രീതിയിൽ പോൺസി ശൈലിയിലുള്ള നിക്ഷേപ പദ്ധതിയായാണ് പ്രതികൾ ആപ്ലിക്കേഷൻ വഴി നടത്തിയതെന്ന് ഇ ഡി പറഞ്ഞു.
ഉയർന്ന ദൈനംദിന വരുമാനവും റഫറൽ കമീഷനുകളും ഉറപ്പുനൽകിക്കൊണ്ട് ഗണ്യമായ തുകകൾ നൽകി ഉപയോക്താക്കളെ വിവിധ വിഐപി അംഗത്വമെടുക്കാൻ തട്ടിപ്പുകാർ. വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വ്യക്തികൾ നടത്തുന്ന ടെലിഗ്രാം ചാനൽ വഴി തട്ടിപ്പുകാർ ആപ്ലിക്കേഷൻ വ്യാപകമായി പ്രമോട്ട് ചെയ്തതായും ബാങ്ക് ട്രാൻസ്ഫറുകൾ, യുപിഐ ഇടപാടുകൾ, ക്രിപ്‌റ്റോകറൻസി വാലറ്റുകൾ എന്നിവയിലൂടെ നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി ഇഡി പറഞ്ഞു.
2022 ജൂൺ 3 മുതൽ 2022 ഒക്ടോബർ 12 വരെ പദ്ധതി പ്രവർത്തനക്ഷമമായി തുടർന്ന ശേഷം കുറ്റവാളികൾ ശേഖരിച്ച ഫണ്ടുമായി മുങ്ങിയതായി ഇ ഡി പറഞ്ഞു. ഏകദേശം 45.33 കോടി രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, മർച്ചന്റ് ഐഡികൾ, പേയ്‌മെന്റ് ഗേറ്റ്‌വേ അക്കൗണ്ടുകൾ, ക്രിപ്‌റ്റോ വാലറ്റുകൾ എന്നിവ അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ ഡി പറഞ്ഞു.
ശേഖരിച്ച ഫണ്ട് പല തലങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെയും പേയ്‌മെന്റ് ഗേറ്റ്‌വേകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മ്യൂൾ വ്യാപാര സ്ഥാപനങ്ങളിലൂടെയും വഴിതിരിച്ചുവിട്ടു. TRON ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന ക്രിപ്‌റ്റോകറൻസി വാലറ്റുകൾ, USDT (ടെതർ) ടോക്കണുകൾ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിച്ചതായും ഇ ഡി കണ്ടെത്തി.
കംബോഡിയയിലും മലേഷ്യയിലും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളുള്ള നാല് വ്യക്തികളാണ് ആപ്ലിക്കേഷൻ പ്രൊമോട്ട് ചെയ്ത ടെലിഗ്രാം ചാനൽ കൈകാര്യം ചെയ്തത്. ആപ്പിന്റെ ബാക്ക് എൻഡ് പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ച ജിമെയിൽ അക്കൗണ്ടുകൾ കംബോഡിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് പുറത്തായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നതായും ഇ ഡി പറയുന്നു. ഏകദേശം 2.45 കോടി രൂപ, TRON ബ്ലോക്ക്‌ചെയിൻ വഴി USDT ടോക്കണുകളുടെ രൂപത്തിൽ ഇരകളിൽ നിന്ന് നേരിട്ട് ശേഖരിച്ചതായും പിന്നീട് വിദേശ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഇ ഡി പറയുന്നു.











0 comments