ബെറ്റിങ് ആപ് കേസിൽ സോനു സൂദിന്റെയും ഉത്തപ്പയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: ബെറ്റിങ് ആപ് കേസിൽ ടിഎംസി എംപി മിമി ചക്രവർത്തി, നടൻ സോനു സൂദ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് 1,000 കോടിയിലധികം വിലമതിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
നടി നേഹ ശർമ്മ, മോഡൽ ഉർവശി റൗട്ടേലയുടെ അമ്മ, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായി അറിയിച്ചു.
സൂദിന്റെ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ, ചക്രവർത്തിയുടെ 59 ലക്ഷം രൂപ, യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപ, നേഹ ശർമ്മയുടെ 1.26 കോടി രൂപ, ഉത്തപ്പയുടെ 8.26 ലക്ഷം രൂപ, ഹസ്രയുടെ 47 ലക്ഷം രൂപ, റൗട്ടേലയുടെ അമ്മയുടെ 2.02 കോടി രൂപ എന്നിങ്ങനെ കണ്ടുകെട്ടിയ തുകയിൽ ഉൾപ്പെടുന്നു.
Related News
ഇവരെ എല്ലാം മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു. നിയമ വിരുദ്ധമായ വാതുവെപ്പ് ആപ്പിന്റെ ഭാഗമായുള്ള വരുമാനം എന്ന നിലയ്ക്കാണ് നടപടി. ഇതേ കേസിൽ മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാന്റെയും സുരേഷ് റെയ്‌നയുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ കുറച്ചുനാൾ മുമ്പ് കണ്ടുകെട്ടിയിരുന്നു.
1xBet കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നിയമ ലംഘനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്. ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന വാതുവയ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ ഡി അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്.
വ്യാജ വെബ്‌സൈറ്റുകളിലൂടെയും ഓഫ്‌ഷോർ സ്ഥാപനങ്ങളിലൂടെയും ഈ ബെറ്റിങ് പ്ലാറ്റ്‌ഫോം ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് കണ്ടെത്തി ആപ്പ് പ്രവർത്തിപ്പിച്ചവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് ഇ ഡി കേസിൽ അന്വേഷണം ആരംഭിച്ചത്.










0 comments