ad
Deshabhimani

സാമ്പത്തികസർവേ: വളർച്ച കൂപ്പുകുത്തും

Nirmala Sitharaman
avatar
എം പ്രശാന്ത്‌

Published on Feb 01, 2025, 12:00 AM | 2 min read

ന്യൂഡൽഹി : രാജ്യത്തിന്റെ വളർച്ച കൂപ്പുകുത്തുമെന്ന്‌ സാമ്പത്തികസർവേ. നടപ്പു സാമ്പത്തികവർഷം മൊത്തം ആഭ്യന്തര ഉത്‌പാദനം(ജിഡിപി) 6.4 ശതമാനത്തിലേക്ക്‌ ഇടിയും. 2023–-24ൽ 8.2 ശതമാനമായിരുന്ന ജിഡിപി വളർച്ചയാണ്‌ 1.8 ശതമാനം ഇടിഞ്ഞ്‌ 6.4 ശതമാനത്തിലേക്ക്‌ പതിക്കുന്നത്‌. അടുത്ത സാമ്പത്തികവർഷവും ജിഡിപിയിൽ വലിയ വളർച്ച പ്രവചിക്കുന്നില്ല. 2025–-26 സാമ്പത്തികവർഷത്തിൽ 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലായിരിക്കും ഇന്ത്യയുടെ ജിഡിപി വളർച്ചയെന്നാണ്‌ സർവേയിൽ പ്രതീക്ഷ വയ്‌ക്കു
ന്നത്‌.

2047 ഓടെ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ എട്ട്‌ ശതമാനം വളർച്ചനിരക്ക്‌ ഒന്നോ രണ്ടോ ദശകത്തേക്ക്‌ കൈവരിക്കേണ്ടതുണ്ടെന്ന്‌ സർവേയിൽ നിർദേശമുണ്ട്‌. എന്നാൽ നടപ്പുസാമ്പത്തികവർഷവും അടുത്ത സാമ്പത്തികവർഷവും ഇത്‌ സാധ്യമാകില്ലെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സർവേ സമ്മതിക്കുന്നു. രാജ്യം ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക്‌ നീങ്ങുകയാണെന്ന പരോക്ഷ മുന്നറിയിപ്പുമുണ്ട്‌. അമേരിക്കയിലെ ഓഹരിവിപണികൾ നേട്ടം കൈവരിച്ചാൽ ഇന്ത്യയിലെ ഓഹരി വിപണികളിൽ വലിയ ഇടിവുണ്ടായേക്കാം. കോവിഡിന്‌ ശേഷമുള്ള ഏറ്റവും വലുതും ദീർഘവുമായ വിപണിതകർച്ച 2025ൽ സംഭവിച്ചേക്കാം. അത്‌ ചില്ലറനിക്ഷേപകരെ, പ്രത്യേകിച്ച്‌ യുവനിക്ഷേപകരെ ഗുരുതരമായി ബാധിക്കും.

നടപ്പുവർഷം നവംബർവരെ മൂലധന ചെലവിൽ 12.3 ശതമാനം ഇടിവുണ്ടായി. ജിഎസ്‌ടി വരുമാനത്തിൽ 14.2 ശതമാനവും മൊത്തം നികുതിവരുമാനത്തിൽ 10.7 ശതമാനവും വളർച്ച കൈവരിക്കാനായപ്പോഴാണീ ഇടിവ്‌. തെരഞ്ഞെടുപ്പ്‌ വർഷമായിരുന്നുവെന്ന ന്യായമാണ്‌ സർക്കാർ ഉന്നയിക്കുന്നത്‌. നവംബർ വരെയുള്ള കാലയളവിൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലക്കയറ്റം 7.5 ശതമാനത്തിൽനിന്ന്‌ 8.4 ശതമാനത്തിലെത്തി.

ചരക്കുകളുടെ കയറ്റുമതിയിലെ വളർച്ച 1.6 ശതമാനം മാത്രം. എന്നാൽ ഇറക്കുമതി 5.2 ശതമാനം കൂടി. വിദേശനാണ്യനിക്ഷേപം 2024 സെപ്‌തംബറിൽ 70490 കോടി ഡോളറായിരുന്നത്‌ നടപ്പുവർഷം ജനുവരിയിൽ 63460 കോടി ഡോളറിലേക്ക്‌ ഇടിഞ്ഞു.

ബാങ്ക്‌ വായ്‌പകളിൽ മുൻവർഷത്തെ 15.2 ശതമാനം വളർച്ചാത്തോത്‌ നടപ്പുവർഷം നവംബർവരെയുള്ള കാലയളവിൽ 11.8 ശതമാനമായി ഇടിഞ്ഞു. നടപ്പുസാമ്പത്തികവർഷം നവംബർവരെ 3.4 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപം പിൻവലിക്കപ്പെട്ടു. വിദേശനിക്ഷേപം ആകർഷിച്ചും സ്വകാര്യമേഖലയ്‌ക്കുള്ള നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞും വരാനിരിക്കുന്ന പ്രതിസന്ധിയെ നേരിടണമെന്നാണ്‌ സർവേ ഉപദേശിക്കുന്നത്‌.


കേരളത്തിന്‌ പ്രശംസ

കേന്ദ്ര സാമ്പത്തിക സർവെയിൽ വിവിധ മേഖലകളിൽ കേരളത്തിന്‌ പ്രശംസ. സുസ്ഥിര വികസനം, മാലിന്യ നിർമാർജനം, ഭൂവിനിയോഗം എന്നിവയിലെ കേരള മാതൃകയാണ്‌ പ്രശംസിക്കപ്പെട്ടത്‌.

ശക്തമായ തദ്ദേശഭരണ സംവിധാനങ്ങളെ ഉപയോഗിച്ച്‌ സുസ്ഥിര വികസനത്തിന്‌ ജനകീയകൂട്ടായ്‌മകളിൽ ഊന്നിയുള്ള മാതൃകയാണ്‌ കേരളം അവലംബിക്കുന്നത്‌.

കിലയുടെ നേതൃത്വത്തിൽ ഇതിനായി സമഗ്രമായ മാർഗനിർദേശങ്ങളും പ്രവർത്തനരീതികളും വി കസിപ്പിച്ചെടുത്തിട്ടുണ്ട്‌.

ദാരിദ്ര്യനിർമാർജനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ ബോധവത്കരിക്കാനുള്ള കൂട്ടായ ശ്രമവും ജനകീയ കൂട്ടായ്‌മകളിലൂടെ സാധ്യമാക്കുന്നുണ്ട്‌ –- സർവേ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home