ad
Deshabhimani

ഐ ടി കുതിപ്പിന് എഐ ബ്രേക്ക് ഇടുമോ? വൈറ്റ് കോളർ തൊഴിലുകൾക്ക് ഭീഷണിയെന്ന് സാമ്പത്തിക സർവേ

ai it world
വെബ് ഡെസ്ക്

Published on Jan 29, 2026, 05:17 PM | 1 min read

ന്യൂഡൽഹി: എഐ മൂലമുണ്ടാകാൻ സാധ്യതയുള്ള ആഗോള ആഘാതം 2008-ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ രൂക്ഷമായേക്കാമെന്ന് 2025-26 സാമ്പത്തിക സർവേ റിപ്പോർട്ടിന്റെ മുന്നറിയിപ്പ്. ഇത് ഇന്ത്യയുടെ ഐടി മേഖലയെയും വൈറ്റ് കോളർ തൊഴിൽ വിപണിയെയും നേരിട്ട് ബാധിക്കുമെന്നാണ് ആശങ്ക.


സാങ്കേതികതയുടെ അമിത ഇടപെടൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക സമ്മർദം എന്നിവ ഒത്തുചേരുന്ന ഒരു സാഹചര്യം വരാൻ 10 മുതൽ 20 ശതമാനം വരെ സാധ്യതയുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. എഐ അധിഷ്ഠിത ബിസിനസ് മോഡലുകളിൽ ഉണ്ടാകുന്ന ചെറിയൊരു പിഴവ് പോലും ആഗോള വിപണിയിലെ പണലഭ്യത കുറയ്ക്കാനും മൂലധന നിക്ഷേപങ്ങളെ മരവിപ്പിക്കാനും കാരണമായേക്കാം.


ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മാറ്റം അതീവ ഗുരുതരമാണ്. 2022 ഡിസംബറിൽ ജനറേറ്റീവ് എഐ വ്യാപകമായതോടെ ഉല്പാദന വളർച്ചയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങൾ വർധിക്കുന്നില്ലെന്നാണ് സർവേയുടെ നിരീക്ഷണം.


വിവരശേഖരണം, സംഗ്രഹം തയ്യാറാക്കൽ തുടങ്ങിയ ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ ഐടി മേഖലയിലെ ഡിമാൻഡ് കുറയുകയാണ്. കുറഞ്ഞ ചിലവിൽ ഐടി സേവനങ്ങൾ നൽകുക എന്ന ഇന്ത്യയുടെ പരമ്പരാഗത രീതിക്ക് എഐ വലിയ ഭീഷണി ഉയർത്തുന്നുണ്ട്.


എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികളുടെ ബിസിനസ് രീതിയിൽ സർവേ ചില പ്രധാന ബലഹീനതകൾ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിൽ ലാഭം കിട്ടാൻ വലിയ തുക കുറെക്കാലം മുടക്കിയിടേണ്ടി വരുന്നു. വളരെ കുറച്ച് കമ്പനികൾ മാത്രമേ ഈ സേവനങ്ങൾ വലിയ തോതിൽ വാങ്ങുന്നുള്ളൂ. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന അപ്രായോഗികമായ വാഗ്ദാനങ്ങളും ആശങ്കകൾ ഉയർത്തുന്നു.


ചുരുക്കത്തിൽ, ഈ മേഖലയിൽ ഒരു ചെറിയ തകർച്ച ഉണ്ടായാൽ പോലും അത് ആഗോളതലത്തിൽ പണലഭ്യത കുറയ്ക്കുകയും 2008-ലെ സാമ്പത്തിക മാന്ദ്യത്തേക്കാൾ വലിയൊരു തകർച്ചയിലേക്ക് ലോകത്തെ നയിക്കുകയും ചെയ്തേക്കാം എന്നാണ് സർവേ മുന്നറിയിപ്പ് നൽകുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ ഉത്തരവാദിത്തമുള്ള എഐ ഉപയോഗം ഉറപ്പാക്കുന്നതിനായി ഒരു 'എഐ ഇക്കണോമിക് കൗൺസിൽ' രൂപീകരിക്കണമെന്നും സാമ്പത്തിക സർവേ നിർദേശിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home