print edition മാന്ദ്യഭീതിയിൽ രാജ്യം; വിദേശനിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നു


സ്വന്തം ലേഖകൻ
Published on May 01, 2026, 03:31 AM | 1 min read
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം ഉൽപ്പന്ന–സേവന–വിതരണശൃംഖലകളിൽ സൃഷ്‌ടിച്ച തടസ്സം വൻവിലക്കയറ്റത്തിനും വളർച്ചാമുരടിപ്പിനും കാരണമാകുമെന്ന് തുറന്നുസമ്മതിച്ച് കേന്ദ്രസർക്കാർ. ‘‘രാജ്യം നിലവിൽ പല പ്രതിസന്ധികൾ നേരിടുന്നുണ്ട്. രൂപയുടെ മൂല്യശോഷണം ഇറക്കുമതി ചെലവ് വൻതോതിൽ ഉയർത്തും. ഇത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കും. ഇത്തരം പ്രതിസന്ധികൾ നിക്ഷേപകരുടെ വിശ്വാസം ഇല്ലാതാക്കും’’ –ധനകാര്യ വകുപ്പിന്റെ പ്രതിമാസ അവലോകന റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധനയും മൊത്തവിലക്കയറ്റവും രൂക്ഷമാക്കുമെന്ന് നിതി ആയോഗും ചൂണ്ടിക്കാട്ടി.
ആഗോള ഇന്ധനവില കുതിക്കുന്പോൾ ഇറക്കുമതിച്ചെലവ് ഗണ്യമായി വർധിക്കുന്നു. രൂപയുടെ മൂല്യത്തകർച്ചയും വിദേശനാണ്യശേഖരത്തിലെ വൻഇടിവും ആഭ്യന്തര സന്പദ്‌ഘടനയെ ദുർബലമാക്കുന്നു. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയെ ഇത് ആശങ്കപ്പെടുത്തുകയാണ്. പകുതിയിലധികം ക്രൂഡും 90 ശതമാനം വാതകവും ഹോർമുസ് വഴിയാണ് വന്നത്. പല പ്രധാനപ്പെട്ട വ്യാവസായിക മേഖലകൾക്കും ഇന്ധനവും വാതകവും എത്തിക്കാനാകാത്തത് ഉൽപ്പാദനത്തെയും സാന്പത്തിക വളർച്ചയെയും ബാധിക്കും. ഗൾഫിലെ വാതകസംവിധാനങ്ങൾ നന്നാക്കാൻ മാസങ്ങളെടുക്കും. എണ്ണ വാങ്ങാൻ കൂടുതൽ ഡോളർ ചെലവിടേണ്ടി വരുന്പോൾ രൂപയുടെ മൂല്യമിടിയും. ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കയറ്റിറക്ക് അന്തരവും ദിവസവും വർധിക്കുന്നത് സാന്പത്തിക സ്ഥിരതയ്‌ക്ക് വെല്ലുവിളിയാണെന്ന് നിതി ആയോഗ് മുന്നറിയിപ്പ് നൽകി. വെല്ലുവിളികൾ നേരിടുന്ന വിപണികളിൽനിന്ന് വിദേശനിക്ഷേപകർ കൂട്ടത്തോടെ പിൻമാറുന്നതും ആഘാതമാകും.
കൃഷിയിലെയും വ്യവസായത്തിലെയും വളർച്ചാ മുരടിപ്പ് വ്യാപകമായ വരുമാന–തൊഴിൽ നഷ്‌ടത്തിനിടയാക്കും. ജീവിതച്ചെലവ് ഉയരുന്നതോടെ സ്വകാര്യനിക്ഷേപ സാധ്യത അടയും. പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്‌ടിക്കുന്ന വെല്ലുവിളികൾ മറികടക്കാനും യുദ്ധത്തിന്റെ ആഘാതം സാധാരണക്കാരെ ബാധിക്കാതിരിക്കാനും അടിയന്തര കർമപദ്ധതിക്ക് കേന്ദ്രസർക്കാർ രൂപംകൊടുക്കണമെന്ന ആവശ്യം ശക്തമായി.










0 comments