വിമാനത്തിൽ പ്രത്യേക ഇരിപ്പിടം, ആരോഗ്യ സത്യവാങ്മൂലം; എബോള വ്യാപനത്തിൽ മാർഗനിർദേശങ്ങളുമായി ഡിജിസിഎ

Photo: Reuters
ന്യൂഡൽഹി: എബോള വ്യാപനത്തിൽ പ്രത്യേക മാർഗനിർദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഈ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാന യാത്രക്കാർക്കായി പുതചിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
അതിർത്തി കടന്നുള്ള രോഗവ്യാപനം തടയുന്നതിനും രോഗബാധ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാനാണ് പുതിയ നിർദേശം. ഇതനുസരിച്ച്, യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപ് ആദ്യപടിയായി നിർബന്ധമായും ആരോഗ്യ സത്യവാങ്മൂലം സമർപ്പിക്കണം. യാത്രയ്ക്കിടയിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് വേണ്ടി പ്രത്യേക ഇരിപ്പിടങ്ങൾ വിമാനത്തിനകത്ത് ക്രമീകരിക്കണം. രോഗബാധയുള്ളവരെ തിരിച്ചറിയുന്നതിനും ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനും വിമാനക്കമ്പനികൾ എയർപോർട്ട് ഹെൽത്ത് അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കി.
കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തുന്ന എത്യോപ്യൻ എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, തുർക്കിഷ് എയർലൈൻസ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിവിധ അന്താരാഷ്ട്ര-ആഭ്യന്തര എയർലൈനുകൾക്ക് നിർദേശം ബാധകമാണ്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി കടക്കുന്ന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും എബോള സ്ക്രീനിങ് സംവിധാനങ്ങൾ ഉൾപ്പടെ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അധികാരികൾക്ക് നിർദ്ദേശം നൽകി.










0 comments