ad
Deshabhimani

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം

പത്ത് സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 18-ന് തെരഞ്ഞെടുപ്പ്

Rajyasabha
വെബ് ഡെസ്ക്

Published on May 22, 2026, 11:57 AM | 1 min read

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവുകളിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 10 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 24 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് തീയതി 2026 ജൂൺ 18-ന് ആണ്. ഒഴിവുവരുന്ന അംഗങ്ങളുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലാണ് അവസാനിക്കുന്നത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.


കര്‍ണാടകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കൂടാതെ കോൺഗ്രസ് നേതാവായ ദിഗ്‌വിജയ് സിംഗ്, കേന്ദ്ര മന്ത്രിമാരായ രവ്‌നീത് സിംഗ് (രാജസ്ഥാൻ), ജോർജ്ജ് കുര്യൻ (മധ്യപ്രദേശ്), കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ എന്നിവര്‍ വിരമിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നു.


കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് നാല് സീറ്റുകൾ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് സീറ്റുകൾ വീതവും ജാർഖണ്ഡിൽ ഒരു സീറ്റും ഒഴിവ് വരുന്നു. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം സംസ്ഥാനങ്ങളിലും ഓരോ സീറ്റുകൾ ഒഴിവ് വരും.


മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഓരോ രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സുനേത്ര പവാർ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാ അംഗത്വം രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സി വി ഷൺമുഖം രാജിവെച്ചതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ ഉപതെരഞ്ഞെടുപ്പ്. അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ മയിലം മണ്ഡലത്തിൽ നിന്നും വിജയിച്ച് സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 


വോട്ടെണ്ണലും ജൂൺ പതിനെട്ടിന് നടക്കും. ജൂൺ 20-ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home