കേരളത്തിലേക്ക് ലഹരിക്കടത്ത്; പ്രധാന കണ്ണി ടാൻസാനിയ സ്വദേശി പ്രിൻസ് സാംസൺ പിടിയിൽ

ബംഗളൂരു: കേരളത്തിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാനിയും ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയുമായ ടാൻസാനിയ സ്വദേശി പ്രിൻസ് സാംസൺ വയനാട് പൊലീസിന്റെ പിടിയിൽ. സുൽത്താൻ ബത്തേരി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം പ്രിൻസിലേക്ക് എത്തിയത്. കേരളത്തിലേക്ക് ലഹരി നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.
ഫെബ്രുവരി 24നാണ് മുത്തങ്ങയിൽ മലപ്പുറം സ്വദേശി ഷഫീഖ് എന്നയാൾ 94 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും പ്രിൻസ് സാംസണെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ബാംഗ്ലൂർ എത്തിയ വയനാട് പൊലീസ് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
താമസസ്ഥലത്തു വെച്ചാണ് പ്രിൻസ് സാംസണെ പിടികൂടിയത്. നാലു മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട്. പ്രതി എംഡിഎംഎ ഉൽപാദിപ്പിച്ചിരുന്നെന്നും പൊലീസിന് സംശയമുണ്ട്. അനധികൃത അക്കൗണ്ട് വഴി രണ്ടു മാസത്തിനിടെ 80 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതി കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേർ കുടുങ്ങിയേക്കും.










0 comments