ad
Deshabhimani

'ഞാൻ സുരക്ഷിതയാണ്, പക്ഷെ..'; വിമാനാപകടത്തിന്റെ നടുക്കംമാറാതെ ഡോ. എലിസബത്ത്

ELIZABATH
വെബ് ഡെസ്ക്

Published on Jun 13, 2025, 12:51 PM | 2 min read

അഹമ്മദാബാദ്: രാജ്യത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടം 260ൽ അധികം ആളുകളുടെ ജീവനാണ് കവർന്നത്. വിമാന ദുരന്തത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞ ആശ്വാസം പങ്കുവയ്ക്കുകയാണ് മലയാളിയായ ഡോ. എലിസബത്ത് ഉദയൻ. 'ഞാൻ സുരക്ഷിതയാണ്. പക്ഷെ എന്റെ നിരവധി സഹപ്രവർത്തകരും എംബിബിഎസ് വിദ്യാർഥികളും മരണപ്പെട്ടു. ചിലർക്ക് പരിക്കേറ്റു. എല്ലാവർക്കും വേണ്ടി പ്രാർഥിക്കണം'- എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചു. എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്കാണ് അപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുവന്നത്. സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പി ജി ചെയ്യുകയാണ് ഡോ. എലിസബത്ത്.


ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാരും പിജി വിദ്യാർഥികളും താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും അവിടുത്തേ മെസ്സിലേക്കുമാണ് വിമാനം തകർന്ന് വീണത്. ഇന്നലെ 1.45 നാണ് വലിയ അത്യാഹിതം സംഭവിച്ചതായി ആശുപത്രിയിൽ സന്ദേശം വരുന്നത്. അപ്പോൾ ഇങ്ങനെ ഒരു വിമാന ദുരന്തമുണ്ടായതായി അറിയില്ലായിരുന്നുവെന്ന് എലിസബത്ത് പറയുന്നു.


സിവിൽ ആശുപത്രി കോമ്പൗണ്ടിൽ വിദ്യാർഥികൾക്കായി ഏകദേശം അഞ്ച് ഹോസ്റ്റലുകളാണ് ഉള്ളത്. ഞങ്ങളുടെ ആശുപത്രിയും അപകടം നടന്ന ഹോസ്റ്റലുമായി ഒരു കിലോമീറ്റർ ദൂരമുണ്ട്. പിന്നീടാണ് ഹോസ്റ്റൽ മെസിലേക്ക് വിമാനം തകർന്നു വീണെന്ന് അറിയുന്നത്. എല്ലാം പെട്ടെന്നായിരുന്നു. ചിലരെ കാണാതായതായി ആളുകൾ പറഞ്ഞു.


ഇന്റർ ട്രാൻസ്മിഷൻ മെഡിസിൽ വിഭാ​ഗത്തിലാണ് ആ സമയത്ത് ഉണ്ടായിരുന്നത്. പ്രധാനമായും രക്തം ശേഖരിക്കുകയും ആവശ്യമായ രക്ത​ഗ്രുപ്പിലുള്ളവരെ സംഘടിപ്പിച്ച് നൽകുകയുമായിരുന്നു വേണ്ടത്. സമീപത്തുള്ള പല ആശുപത്രികളിൽ നിന്നായി ഒരു മണിക്കൂറിനുള്ളിൽ നാനൂറോളം ബ്ലഡ് ബാ​ഗുകൾ സിവിൽ ആശുപത്രിയിലേക്ക് എത്തിച്ചു. മെഡിക്കൽ വിദ്യാർഥികളും നാട്ടുകാരും സ്വമേധയ രക്തദാനത്തിനായി ആശുപത്രിയിൽ എത്തിയിരുന്നു.


ഹോസ്റ്റലിൽ ഉണ്ടായിരുന്ന അമ്പത് വിദ്യാർഥികൾ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്. നിരവധി വിദ്യാർഥികളാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അപകടത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർഥികളിൽ ഇതുവരെ മലയാളികളില്ലെന്നാണ് സൂചന. ഉച്ചഭക്ഷണ സമയത്താണ് അപകടമുണ്ടായത്. അപ്പോൾ മെസിലുണ്ടായിരുന്ന നിരവധി ജീവനക്കാരും മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി വിദ്യാർഥികളെ കാണാതായതായാണ് ലഭിക്കുന്ന വിവരം. ഒരു സുഹൃത്ത് അപകടത്തിന് തൊട്ടുമുമ്പ് മെസിൽ പോയി മടങ്ങി വന്നിരുന്നു. അടുത്ത പരിചയത്തിലുണ്ടായിരുന്ന ആളുകളും അപകടത്തിൽ മരിച്ചതായി എലിസബത്ത് പറഞ്ഞു.


മൃതശരീരങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാനാകൂ. അതിനായി ബന്ധുക്കളെല്ലാം സ്ഥലത്ത് എത്തേണ്ടതുണ്ട്. ചിലരുടെ കുടംബം മുഴുവൻ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട് ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ മൃതദേഹം തിരിച്ചറിയാൻ പ്രയാസമാകും. ഡിഎൻഎ പരിശോധനയ്ക്കായി എത്തുന്നവരുടെ സാമ്പിളുകൾ ശേഖരിക്കാൻ ഏകദേശം അഞ്ച് സ്പോട്ടുകൾ സജ്ജീകരിച്ചതായാണ് വിവരം.


ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാട്ടുകാരും നല്ല സഹകരണമായിരുന്നു. ആശുപത്രിയിൽ നിന്നും അവധി എടുത്ത ആളുകളോടും, റൂറൽ ഡ്യൂട്ടി എടുക്കുന്നവരോടും തിരികെ ആശുപത്രിയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഫോറൻസിക് മെഡിസിനിലെ ആളുകൾ ഇന്നലെ രാത്രി മുഴുവൻ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു- ഡോ. എലിസബത്ത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home