ജനദ്രോഹം തുടരുന്നു; പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി: ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്.
പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 951 രൂപയായി. കോഴിക്കോട് 950.50 രൂപയാണ് പുതിയ വില.
മാർച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഇതിനുശേഷമുള്ള പുതിയ വർധനവാണിത്.
മെയ് പകുതിക്ക് ശേഷം പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് മൊത്തത്തിൽ 7.50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎൻജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വർധിച്ചു.
ജനങ്ങൾ ത്യാഗസന്നദ്ധരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തതിന് തൊട്ടുപിന്നാലെ, വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. 19 കിലോ സിലിണ്ടറിന് 42 രൂപ മുതൽ 53.50 രൂപ വരെയാണ് വർധിപ്പിച്ചത്.
കുടിയേറ്റ തൊഴിലാളികൾ കൂടുതലായി ഉപയോഗിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടറിന് 11രൂപയും കൂട്ടി. പെട്രോൾ–ഡീസൽ വിലയും ഉടൻ വർധിപ്പിക്കും. കേരളം ഉൾപ്പെടെ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഘട്ടംഘട്ടമായി ഇന്ധനവില ലിറ്ററിന് ഏഴര രൂപവരെ കൂട്ടിയിരുന്നു.
പുതിയ വിലവർധനവോടെ ഡൽഹിയിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില 3113.50 രൂപയിലെത്തി. അഞ്ചു കിലോ സിലിണ്ടർ വില 821.50 രൂപയിലേക്കും ഉയർന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 3085ൽ നിന്ന് 3131 രൂപയായി. തിരുവനന്തപുരത്ത് 3152 രൂപയും കോഴിക്കോട് 3163.50 രൂപയുമായി.









0 comments