നിറചിരി മാഞ്ഞു; സലിംകുമാറിന്റെ സംസ്കാരം ഇന്ന്; ടൗൺഹാളിൽ പൊതുദർശനം

സലിംകുമാർ
കൊച്ചി: മലയാള സിനിമയ്‌ക്ക് മറക്കാനാകാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച സലിംകുമാറിന് (57) ഇന്ന് പ്രിയപ്പെട്ടവർ വിടനൽകും. മൃതദേഹം വടക്കൻ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ ഞായർ രാവിലെ ഒൻപതിന് പൊതുദർശനത്തിനുവയ്‌ക്കും. പകൽ ഒന്നിന് ചിറ്റാറ്റുകര പഞ്ചായത്തിലെ ആലുംമാവിലുള്ള "ലാഫിങ് വില്ല' വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചോടെ സംസ്കാരം നടക്കും.
ശനി രാത്രിയായിരുന്നു മലയാളികളുടെ പ്രിയ താരത്തിന്റെ വിയോഗം. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നതിനാൽ ഏറെക്കാലമായി സിനിമാരംഗത്ത് സജീവമായിരുന്നില്ല. അസുഖം മൂർഛിച്ചതിനെ തുടർന്ന് ശനിയാഴ്‌ച ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
മിമിക്രിവേദിയിൽ തിളങ്ങി ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സലിംകുമാർ അഭിനയത്തികവിലൂടെ അവിസ്‌മരണീയമാക്കിയ കഥാപാത്രങ്ങളും ഏറെ. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ 280ഓളം ചിത്രങ്ങളിൽ വേഷമിട്ടു. മൂന്ന് സിനിമകൾ സംവിധാനംചെയ്‌തു. നിരവധി ജനപ്രിയ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചു.
സ്വന്തമായി മിമിക്രി, നാടക ട്രൂപ്പുകളും നടത്തി. 2011 ൽ പ്രധാനവേഷമിട്ട് പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് (മികച്ച രണ്ടാമത്തെ നടൻ), അയാളും ഞാനും തമ്മിൽ (ഹാസ്യനടൻ), കറുത്ത ജൂതൻ (മികച്ച കഥ) എന്നീ ചിത്രങ്ങളിലൂടെയും സംസ്ഥാന പുരസ്‌കാരങ്ങൾ നേടി.
എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെ എംജി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ ഒന്നാംസ്ഥാനക്കാരൻ. തുടർന്ന് കൊച്ചിൻ കലാഭവനിൽ. ഇഷ്ടമാണ് നൂറു വട്ടം (1996) ആദ്യ സിനിമ. തെങ്കാശി പട്ടണം, തൊമ്മനും മക്കളും, ഇൗ പറക്കും തളിക, മീശമാധവൻ, കല്യാണരാമൻ, കിളിച്ചുണ്ടൻ മാന്പഴം, ചതിക്കാത്ത ചന്തു, തിളക്കം, മായാവി തുടങ്ങിയ ഇരുന്നൂറോളം ചിത്രങ്ങളിൽ തിളങ്ങി. ഇൗ വർഷം വേഷമിട്ട "കൂടോത്രം' അവസാന ചിത്രം. തമിഴ് ഉൾപ്പെടെ അഞ്ച് ഇതരഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. കന്പാർട്‌മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നിവ സംവിധാനം ചെയ്‌തു.
ഭാര്യ: സുനിത. മക്കൾ: നടൻ ചന്തു, ആരോമൽ.









0 comments