ad
Deshabhimani

ഡല്‍ഹിയെ നിയന്ത്രിക്കുന്ന ഇന്റർനെറ്റ് അധോലോകം; വിദേശത്ത് നിന്നും ഭീഷണി കോളുകള്‍, ഷൂട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ക്വട്ടേഷന്‍

ദലതഗലാ

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Feb 23, 2026, 03:59 PM | 2 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുതിയ പണം തട്ടൽ രീതി വ്യാപകമാകുന്നു. മുൻകാലങ്ങളിൽ പ്രാദേശിക ഗുണ്ടാസംഘങ്ങൾ പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന രീതിയായിരുന്നു പതിവ്. എന്നാൽ ഇന്ന് വിദേശത്തിരുന്ന് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മാഫിയാ സംഘങ്ങൾ ഡൽഹിയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ചെറുകിട വ്യാപാരികൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വരെ നീളുന്നതാണ് ഇരകളുടെ പട്ടിക. 2023ൽ 204 കേസുകളും 2024ൽ 228 കേസുകളും 2025ൽ 212 കേസുകളുമാണ് നിലവിൽ ‍ഡൽഹി പൊലീസിന് മുന്നിലുള്ളത്.


ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘങ്ങളുടെ പേര് പറഞ്ഞാണ് വിദേശത്തുനിന്നും ഭീഷണി കോളുകൾ വരുന്നത്. സിം കാർഡുകൾ ആവശ്യമില്ലാത്ത ഇന്റർനെറ്റ് കോളുകൾ വഴി പണം ആവശ്യപ്പെടുന്നതിനാൽ പൊലീസിന് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്താൻ പ്രയാസമാണ്. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടിന് മുന്നിലോ സ്ഥാപനത്തിന് മുന്നിലോ ഷൂട്ടർമാരെ അയച്ച് വെടിയുതിർക്കുന്നതാണ് ഇവരുടെ ശൈലി. ഈ ദൃശ്യങ്ങൾ പകർത്തി ഇരയ്ക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്.


സോഷ്യൽ മീഡിയ വഴി തൊഴിൽരഹിതരായ യുവാക്കളെയും പ്രായപൂർത്തിയാകാത്തവരെയും കണ്ടെത്തിയാണ് ഇത്തരം ക്വട്ടേഷനുകൾ നൽകുന്നത്. പലപ്പോഴും ഷൂട്ടർമാരും അവരെ നിയന്ത്രിക്കുന്നവരും തമ്മിൽ നേരിട്ട് യാതൊരു ബന്ധവും ഉണ്ടാകാറില്ല. 'സിഗ്നൽ' പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് നിർദ്ദേശങ്ങൾ കൈമാറുന്നത്. പ്രോപ്പർട്ടി ഡീലർമാർ, ജിം ഉടമകൾ, സെക്കൻഡ്‌ ഹാൻഡ് കാർ വ്യാപാരികൾ, ചെറിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ തുടങ്ങി സ്ഥിര വരുമാനമുള്ള ചെറുകിട വ്യാപാരികളെയും ഇവര്‍ ലക്ഷ്യം വെക്കുന്നു.


ഇരകളാകുന്ന ബിസിനസുകാർ സ്ഥിരമായി എത്തുന്ന ഡൽഹിയിലെ ക്ലബ്ബുകളും ബാറുകളും കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർ വഴി വിവരങ്ങൾ ചോരുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഭീഷണി നേരിടുന്നവർക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക പരിശോധന ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുന്നു.


  • ഡൽഹിയിൽ വർദ്ധിച്ചുവരുന്ന വെടിവെയ്പ്പ് സംഭവങ്ങൾ: ഭീതിയിലായി ബിസിനസ് ലോകം


ഡൽഹിയിലെ പ്രമുഖ ബിസിനസ് കേന്ദ്രങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് വെടിവെയ്പ്പ് സംഭവങ്ങൾ വര്‍ധിച്ചു വരികയാണ്. പണം തട്ടൽ ലക്ഷ്യമിട്ട് ഗുണ്ടാസംഘങ്ങൾ നടത്തുന്ന ഇത്തരം ആക്രമണങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ താഴെ നല്‍കുന്നു.


  • 2024 ആ​ഗസ്ത് 25: ഡൽഹിയിലെ മുഖർജി നഗറിലെ ജ്വല്ലറിക്ക് പുറത്തായി ഒരു വെടിവെയ്പ്പ് നടക്കുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഉപേക്ഷിച്ചാണ് അക്രമികൾ മടങ്ങിയത്. അന്നേദിവസം തന്നെ തിലക് നഗറിലെ മധുരപലഹാര കടയുടമയുടെ വീടിന് നേരെയും വെടിവെയ്പ്പുണ്ടായി. ഇതിന് പിന്നിൽ 'നന്ദു ഗ്യാങ്' ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

  • 2025 സെപ്തംബർ 14: നരേലയിലെ ഒരു പ്രോപ്പർട്ടി ഡീലറുടെ ഓഫീസിന് നേരെ ലോറൻസ് ബിഷ്ണോയി ഗ്യാങ് വെടിയുതിർത്തു. 5 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.

  • 2026 ജനുവരി 2: രോഹിണിയിൽ പ്രോപ്പർട്ടി ഡീലറുടെ കാറിന് നേരെ 20 റൗണ്ടിലധികമാണ് ആക്രമി സംഘം വെടിയുതിർത്തത്.

  • 2026 ജനുവരി 12: പശ്ചിം വിഹാർ, വെസ്റ്റ് വിനോദ് നഗർ എന്നിവിടങ്ങളിലെ രണ്ട് ബിസിനസുകാരുടെ വീടുകൾക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിവെയ്പ്പ് നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home