സെൻസസ് 2027 : ആദ്യഘട്ട നടപടികൾ പുരോഗമിക്കുന്നു; 82 ലക്ഷം കുടുംബങ്ങൾ സ്വയം പങ്കാളികളായി

സെൻസസിന്റെ ഡിജിറ്റൽ മാപ്പിംഗിനായി വീടുവീടാന്തരം സർവേ നടത്തുന്ന സെൻസസ് ഉദ്യോഗസ്ഥർ. | Photo Credit: SUSHIL KUMAR VERMA/THE HINDU
ന്യൂഡൽഹി : സെൻസസിന്റെ ആദ്യ ഘട്ടത്തിലെ വീടുകളുടെ കണക്കെടുപ്പും പാർപ്പിട സൗകര്യങ്ങളുടെ വിവരാന്വേഷണവും പുരോഗമിക്കുകയാണ്. ഇതുവരെ ഏകദേശം 82 ലക്ഷം കുടുംബങ്ങൾ സ്വയം വിവരങ്ങൾ നൽകാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയതായി വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ കേന്ദ്ര സർക്കാർ അറിയിച്ചു.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വിജ്ഞാപനം ചെയ്ത 15 ദിവസത്തെ സ്വയം വിവരങ്ങൾ നൽകാനുള്ള കാലാവധി അവസാനിച്ചു. വെള്ളിയാഴ്ച മുതൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ടുള്ള വിവരശേഖരണം ആരംഭിച്ചതായും പ്രസ്താവനയിൽ പറയുന്നു. വിവരശേഖരണം മെയ് 30 വരെ തുടരും.
വീടുകളുടെ കണക്കെടുപ്പ് നടപടികളുടെ ഭാഗമായി സെൻസസ് ഉദ്യോഗസ്ഥർ ഓരോ വീടും കെട്ടിടവും നേരിട്ട് സന്ദർശിക്കുകയും വീടുകളിലെ സൗകര്യങ്ങളെക്കുറിച്ച് 33 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. കുടുംബനാഥനെക്കുറിച്ചും മറ്റ് അംഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ, അവരുടെ പേര്, ലിംഗഭേദം, വീടിന്റെ ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിധി, രാജസ്ഥാൻ, മഹാരാഷ്ട്ര, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിലും സെൻസസിനായുള്ള സ്വയം വിവരങ്ങൾ നൽകുന്നതിനുള്ള സൗകര്യം ആരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ ഓൺലൈൻ സൗകര്യം മെയ് 15 വരെ ലഭ്യമാകും. മെയ് 16 മുതൽ ഒരു മാസക്കാലം ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരശേഖരണം നടത്തും. ബിഹാറിൽ സ്വയം വിവരങ്ങൾ നൽകുന്നതിനുള്ള സമയപരിധി മെയ് ഒന്നിന് അവസാനിച്ചു. മെയ് 2 മുതൽ വീടുകൾ കയറിയുള്ള വിവരശേഖരണം ആരംഭിക്കും.
2027ലെ സെൻസസ് മുതലാണ് സ്വയം വിവരങ്ങൾ നൽകാനുള്ള സൗകര്യം അവതരിപ്പിച്ചത്. ഈ പുതിയ സംവിധാനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ സംവിധാനത്തിലൂടെ 82 ലക്ഷത്തോളം പേർ സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക പോർട്ടൽ വ്യക്തമാക്കുന്നു.
സ്വയം വിവരങ്ങൾ നൽകുന്ന പൗരന്മാർ പോർട്ടലിലെ ചോദ്യങ്ങൾക്ക് മറുപടി നൽകി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം സ്പെഷ്യൽ ഐഡി നമ്പർ സൃഷ്ടിക്കേണ്ടതുണ്ട്. തുടർന്ന് സെൻസസ് നടപടികൾക്കായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർക്ക് വെരിഫിക്കേഷന് വേണ്ടി ഈ ഐഡി നൽകിയാൽ മതി.
ചരിത്രത്തിലാദ്യമായാണ് സെൻസസ് നടപടികൾ പൂർണമായും ഡിജിറ്റൽ രീതിയിൽ നടപ്പിലാക്കുന്നത്. വിവരശേഖരണത്തിനായി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന സെൻസസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിന് ആവശ്യമായ വിവരങ്ങൾ
എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ഈ ആദ്യഘട്ട വിവരശേഖരണം നടത്തുന്നത്.
വിജ്ഞാപന പ്രകാരം തെലങ്കാനയിലും പഞ്ചാബിലും നിലവിൽ സ്വയം വിവരങ്ങൾ നൽകുന്ന സമയപരിധി അവസാനിച്ചിട്ടില്ല. നടന്നുവരികയാണ്. അതേസമയം ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്ര നഗർ ഹവേലി - ദാമൻ ദിയു, ഗോവ, കർണാടക, ലക്ഷദ്വീപ്, മിസോറാം, ഒഡീഷ, സിക്കിം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ദേശീയ തലസ്ഥാന മേഖലയിലെ എൻഡിഎംസി പരിധിയിലും ഡൽഹി കന്റോൺമെന്റ് ബോർഡിലും വീടുകളുടെ കണക്കെടുപ്പും പാർപ്പിട സൗകര്യങ്ങളുടെ വിവരാന്വേഷണവും നേരിട്ടുള്ള പരിശോധനയിലൂടെ നടന്നുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.









0 comments