'ഡിജി കേരളം'പദ്ധതി : കേരളത്തിന് ദേശീയ അംഗീകാരം

ഭുവനേശ്വർ: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'ഡിജി കേരളം'പദ്ധതിക്ക് ദേശീയ അംഗീകാരം. ഒഡിഷയിലെ ഭുവനേശ്വറിൽ ഡിസംബർ അഞ്ചിന് നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് ആൻഡ് അവാർഡ്‌സിലാണ് കേരളത്തിൻ്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുരസ്‌കാരം ലഭിച്ചത്. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉൾപ്പെടെയുള്ളവര്‍ പങ്കെടുത്ത ദേശീയ കോൺക്ലേവിൽ വിവിധ സംസ്ഥാനങ്ങളിലെ മികച്ച ഡിജിറ്റൽ ഭരണ, സാങ്കേതിക പദ്ധതികൾ അവലോകനം ചെയ്തു.

ഇ-ഗവേണൻസ്, സാങ്കേതികവിദ്യയുടെ സംയോജനം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ് കോൺക്ലേവിൽ പ്രധാനമായും നടന്നത്. 'ഡിജി കേരളം' പദ്ധതിയിലൂടെ ഭരണ സംവിധാനങ്ങൾ ഡിജിറ്റൽവത്ക്കരിക്കുന്നതിലും, പൗരന്മാർക്ക് കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ ഈ പദ്ധതി വഴി സാധാരണക്കാർക്ക് ഡിജിറ്റൽ സാക്ഷരത നേടുന്നതിനും സർക്കാർ സേവനങ്ങൾ അതിവേഗം ലഭിക്കുന്നതിനും സഹായകമായി. ഡിജിറ്റൽ ഭരണരംഗത്തെ മികവിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് കോൺക്ലേവ് വിലയിരുത്തി.
മുഖ്യമന്ത്രിയുടെ പ്രതിമാസ അവലോകനങ്ങളും വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേരിട്ടുള്ള ഇടപെടലുകളും പദ്ധതി നിർവഹണം വേഗത്തിലാക്കി.
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ 2187667 വ്യക്തികളാണ് പുതിയതായി ഡിജിറ്റൽ സാക്ഷരരായത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, സാക്ഷരത മിഷൻ, ലൈബ്രറി കൗൺസിൽ, നാഷണൽ സർവീസ് സ്കീം, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരും വിദ്യാർഥികളും യുവജനങ്ങളും ഉദ്യോഗസ്ഥരെയുമൊക്കെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി കരസ്ഥമാക്കുവാൻ കേരളത്തിന് സഹായകരമായത്.
മുതിർന്ന പൗരന്മാർ മുതൽ വിദൂര ആദിവാസി മേഖലകളിലെ ജനങ്ങളെയും ഉൾപ്പെടുത്തുന്ന രീതിയിലാണ് പദ്ധതിയുടെ പരിശീലനം നടപ്പിലാക്കിയത്. വ്യക്തിഗത സ്മാർട്ഫോൺ ഇല്ലാത്തവർക്ക് പരിശീലനം നല്‍കുന്നതിനായി പരിശീലന സൗകര്യങ്ങളും ലളിതമായ മൊബൈൽ ആപ്പ് മുഖേന മൂല്യനിർണ്ണയ സംവിധാനവും ഇതോടൊപ്പം ഒരുക്കി.
പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജിനൊപ്പം തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറകറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ രാജീവ് വിആർ., അസിസ്റ്റന്റ് ഡയറക്ടർ സജിന സത്താർ എന്നിവരാണ് പദ്ധതിയുടെ സംസ്ഥാനതല നിർവഹണ ഉദ്യോഗസ്ഥരായി പ്രവർത്തിച്ചത്.










0 comments