ad
Deshabhimani

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് വഴി സഞ്ചരിക്കാം; നിയന്ത്രണം പിൻവലിച്ച് ഡിജിഎസ്

Hormuz ships

പ്രതീകാത്മക ചിത്രം | REUTERS/Stringer

വെബ് ഡെസ്ക്

Published on Jun 28, 2026, 06:18 PM | 1 min read

മുംബൈ : ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്). ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും, സംഘർഷ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കുന്നതിലും നേരത്തെ ഡിജിഎസ് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നിരുന്നാലും ഈ മേഖലയിൽ കപ്പലുകൾ ജാഗ്രത തുടരണമെന്നും നാവിക മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവിലാണ് ഷിപ്പിംഗ് റെഗുലേറ്റർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. തീരദേശ രാജ്യങ്ങളുടെയും സുരക്ഷാ ഏജൻസികളുടെയും സുരക്ഷാ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചുകൊണ്ട് കപ്പൽ സർവീസുകൾ തുടരുന്നതിനും ഇന്ത്യൻ നാവികരെ നിയോഗിക്കുന്നതിനും തടസങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി.


ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന നാവികരെ ഒഴിപ്പിക്കുന്നതിനായി അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) വിപുലമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഐ.എം.ഒ, യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് , മാരിടൈം ഇൻഫർമേഷൻ കോപ്പറേഷൻ ആൻഡ് അവയർനസ് സെന്റർ എന്നിവ സംയുക്തമായാണ് ഈ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നത്.


ഡിജിഎസിന്റെ പുതിയ നിർദ്ദേശം പുറത്തുവന്ന് തൊട്ടടുത്ത ദിവസമാണ് അമേരിക്ക ഇറാനിൽ വ്യോമാക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡിജിഎസ് അറിയിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി തുറമുഖ-ഷിപ്പിംഗ് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നേവി, വിദേശങ്ങളിലെ ഇന്ത്യൻ എംബസികൾ, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവയുമായി ചേർന്ന് സംയുക്തമായാണ് ഡിജിഎസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home