കാനഡയിലേക്ക് പറന്നത് തെറ്റായ വിമാനം; എയർ ഇന്ത്യക്കെതിരെ ഡിജിസിഎയുടെ നടപടി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് സർവീസ് നടത്താൻ അനുമതിയില്ലാത്ത വിമാനം ഉപയോഗിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച ഡിജിസിഎ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കാനും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
മാർച്ച് 19-നാണ് വിവാദമായ സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777-200 എൽആർ (Boeing 777-200 LR) വിമാനം ഏഴ് മണിക്കൂർ യാത്രയ്ക്ക് ശേഷം തിരികെ ഡൽഹിയിൽ തന്നെ ഇറങ്ങുകയായിരുന്നു. വാൻകൂവർ സർവീസിന് ബോയിംഗ് 777-300 ഇആർ (Boeing 777-300 ER) വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളതെന്ന് വിമാനം ആകാശത്തുവെച്ചാണ് അധികൃതർ തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് വിമാനം തിരിച്ചുവിളിക്കുകയായിരുന്നു. കാനഡയിലേക്കുള്ള വിമാന സർവീസുകളുടെ നിബന്ധനകൾ പരിശോധിക്കുന്നതിലും വിമാനം അനുവദിക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വന്ന വീഴ്ചയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ ഈ ഗുരുതര വീഴ്ചയെക്കുറിച്ച് എയർ ഇന്ത്യയോട് ഡിജിസിഎ റിപ്പോർട്ട് തേടിയിരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.










0 comments