print edition വ്യോമയാന സുരക്ഷാ പ്രശ്‌നങ്ങൾ; ഉന്നതതല സമിതി അന്വേഷിക്കണം

ന്യൂഡൽഹി : ഇന്ത്യയിലെ വ്യോമയാന മേഖലയിലുണ്ടായ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഗതാഗത സ്ഥിരം സമിതി. ഉഡാൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചകളിൽ ജെഡിയു എംപി സഞ്ജയ് കുമാർ ഝാ അധ്യക്ഷനായ സമിതി വിമർശമുന്നയിച്ചു. ഡിജിസിഎ നടത്തിയ ഓഡിറ്റിൽ 754 വിമാനങ്ങൾ പരിശോധിച്ചപ്പോൾ 377ലും ആവർത്തിച്ചുള്ള തകരാറുകൾ ഉണ്ടാകുന്നുവെന്ന് തെളിഞ്ഞു. ഒരു വർഷത്തിനിടെ നൂറിനടുത്ത് സുരക്ഷാ വീഴ്‌ചകളുണ്ടായി. 19 നോട്ടീസുകൾ ഡിജിസിഎയ്‌ക്ക് നൽകേണ്ടിവന്നു. ഇത് കണക്കിലെടുത്ത് വ്യോമയാന മേഖലയിലെ സുരക്ഷാ വിഷയങ്ങൾ പരിശോധിക്കുന്നതിനായി ഉന്നതതല സമിതിയെ രൂപീകരിക്കാൻ സമിതി നിർദേശിച്ചു. ആറ് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം.
ഉഡാൻ പദ്ധതിയിൽ സർവീസ് നടത്തുന്ന വ്യോമയാന കന്പനികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സാന്പത്തിക സഹായത്തിൽ കൃത്യമായ ചട്ടക്കൂടുകൾ ഇല്ലാത്തതിൽ ആശയറിയിച്ചു. പദ്ധതിക്കായി ഇതുവരെ 657 റൂട്ടുകൾക്കായി 9,200 കോടി രൂപയിലധികം സർക്കാർ ചെലവഴിച്ചു. ഇത്രയധികം പൊതുപണം ചെലവഴിക്കുന്ന പദ്ധതിയിൽ, കന്പനികൾക്ക് നൽകുന്ന സാമ്പത്തിക സഹായം എപ്പോൾ, എങ്ങനെ എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ചട്ടക്കൂട് സർക്കാരിനില്ല. 150ൽ അധികം റൂട്ടുകളിൽ ഇപ്പോഴും സർവീസ് ആരംഭിച്ചിട്ടില്ലെന്നും ഉഡാൻ പദ്ധതിയിൽ സ്വതന്ത്രമായ വിലയിരുത്തൽ ആവശ്യമാണെന്നും സമിതി പറഞ്ഞു. ഡിജിസിഎയുടെ 1,630 തസ്‌തികകളിൽ 843 പേർ മാത്രമാണ് പ്രവർത്തിക്കുന്നത്. 48.3 ശതമാനം തസ്‌തികകളിൽ ആളില്ല. ഇൗ ഒഴിവ് ഉടൻ നികത്തണം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മൂലധന നിക്ഷേപത്തിൽ പാർലമെന്ററി മേൽനോട്ടം വേണമെന്നും സമിതി ആവശ്യപ്പെട്ടു.










0 comments