Deshabhimani

മുറിച്ചുമാറ്റേണ്ടത് 43,000 മരങ്ങൾ, മുങ്ങിപ്പോവുക 1,590 ഹെക്ടർ, 16 വർഷമായി സമരം; അറിയാം ദെംവെ ലോവറിനെപ്പറ്റി...

Demwe Lower Dam
വെബ് ഡെസ്ക്

Published on Nov 28, 2026, 11:23 AM | 2 min read

ഇറ്റാന​ഗർ : അരുണാചൽ പ്രദേശിലെ 1,750 മെഗാവാട്ട് ശേഷിയുള്ള ദെംവെ ലോവർ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി തുടരുന്ന സമരം വീണ്ടും ദേശീയ ശ്രദ്ധയാകർഷിക്കുന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 69 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രം​ഗത്തെത്തിയതോടെയാണ് വർഷങ്ങളായി സമരം തുടരുന്ന ജനതയെപ്പറ്റി വീണ്ടും ചർച്ചയുയരുന്നത്. അരുണാചലിലെ ലോഹിത് നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന 1,750 മെഗാവാട്ട് ശേഷിയുള്ള ദെംവെ ലോവർ ജലവൈദ്യുത പദ്ധതിക്കെതിരെയാണ് സമരം കടുക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ ആലോചിച്ച 2010 മുതൽ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി ഇവിടുത്തെ ജനങ്ങൾ സമരത്തിലാണ്.


വനനശീകരണം, ജൈവവൈവിധ്യത്തിന്റെ തകർച്ച, പരമ്പരാഗത ആവാസവ്യവസ്ഥ നഷ്ടപ്പെടൽ, നദിയുടെ സ്വാഭാവിക ഒഴുക്കിലുണ്ടാകുന്ന മാറ്റം തുടങ്ങിയവയാണ് ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ. 2010 ഫെബ്രുവരിയിലാണ് പദ്ധതിക്ക് പ്രാഥമിക പാരിസ്ഥിതിക അനുമതി ലഭിച്ചത്. പിന്നാലെ മിഷ്മി ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങളും പരിസ്ഥിതി സംഘടനകളും പ്രതിഷേധം ആരംഭിച്ചു. 2012 ൽ ലോഹിത് നദീതടത്തിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ 16 അംഗ പ്രതിനിധിസംഘം ഡൽഹിയിലെത്തി കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് ആശങ്കകൾ അറിയിച്ചു. അടുത്ത വർഷം അസമിലെ ടിൻസുകിയയിലേക്കും പ്രതിഷേധം വ്യാപിച്ചു. 2017ൽ ദേശീയ ഹരിത ട്രിബ്യൂണൽ പദ്ധതിയുടെ അനുമതികൾ സ്‌റ്റേ ചെയ്തു.


പദ്ധതി നടപ്പിലാക്കിയാൽ ഏകദേശം 43,000 മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരും. 1,416 ഹെക്ടർ വനഭൂമി പദ്ധതിക്കായി വകമാറ്റണം. വൈദ്യുതോൽപ്പാദനത്തിനായി ദിവസേന മണിക്കൂറുകളോളം വെള്ളം സംഭരിച്ചശേഷം വലിയ തോതിൽ തുറന്നുവിടുന്നത് നദിയുടെ താഴ്‌ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനും തീരശോഷണത്തിനും കാരണമാകും. 1,590 ഹെക്ടർ സ്ഥലം മുങ്ങിപ്പോയേക്കും.


കിഴക്കൻ ഹിമാലയത്തിലെ പരിസ്ഥിതിലോല മേഖലയിലാണ് പദ്ധതി നടപ്പാക്കുന്നത്. നിത്യഹരിത വനങ്ങളുടെ കേന്ദ്രമായ ഇവിടം നശിപ്പിക്കപ്പെടുന്നത് പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കും. മിഷ്മി ഉൾപ്പെടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ പരമ്പരാഗത ഭൂമി, കൃഷി, മത്സ്യബന്ധനം, വനവിഭവങ്ങളെ ആശ്രയിച്ചുള്ള ഉപജീവനം എന്നിവയെയും പദ്ധതി കാര്യമായി ബാധിക്കും. റെഡ് പാണ്ട, മിഷ്മി ടാക്കിൻ, ഹൂലോക്ക് ഗിബ്ബൺ, കടുവകൾ, വംശനാശഭീഷണി നേരിടുന്ന പക്ഷികൾ തുടങ്ങിയവയുടെ ആവാസവ്യവസ്ഥയാണ് ഇവിടുത്തെ വനങ്ങൾ. വനം നശിപ്പിക്കുന്നത് ഈ ജീവികളുടെ വംശനാശത്തിനുതന്നെ കാരണമായേക്കാം.


2026 മെയ് 27ന് അരുണാചൽ പ്രദേശ് സർക്കാർ ഗ്രീൻകോ ദെംവെ പവർ ലിമിറ്റഡുമായി പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഇതോടെയാണ് വർഷങ്ങളായി തടസ്സപ്പെട്ടുകിടന്ന പദ്ധതി വീണ്ടും സജീവമായത്. പുതിയ ശാസ്ത്രീയ പഠനങ്ങളോ സമഗ്രമായ വന്യജീവി ആഘാത പഠനമോ നടത്താതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയാണെന്നാണ് മുൻ ഉദ്യോഗസ്ഥർ പറയുന്നത്. 11,200 മെഗാവാട്ടിന്റെ സിയാങ് അപ്പർ ബഹുമുഖ പദ്ധതിക്കെതിരെയും അരുണാചലിൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ സമരം ശക്തമാകുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home