Deshabhimani

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയോട് ചെയ്തത് എന്താണോ അതാവും മണ്ഡല പുനര്‍നിര്‍ണയം ജനാധിപത്യത്തോട് ചെയ്യുക; അരുന്ധതി റോയ്

arndhathi ro
വെബ് ഡെസ്ക്

Published on Nov 28, 2026, 05:20 PM | 2 min read

ന്യൂഡൽഹി:നവംബര്‍ 30 ന് ആരംഭിക്കുന്ന പ്രത്യേക പാ‌‌‍ര്‍ലമെന്റ് സമ്മേളനം വഴി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി കൂടുതൽ മണ്ഡലങ്ങള്‍ സൃഷ്ടിക്കുന്നു എന്ന വ്യാജേനയാണ് മണ്ഡല പുനര്‍നിര്‍ണയ ബില്ല് പാസാക്കാൻ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്.


ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ തളര്‍ത്തും. നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയോട് ചെയ്തത് എന്താണോ അത് തന്നെയായിരിക്കും മണ്ഡല പുനര്‍ നിര്‍ണയം ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യുക എന്നവര്‍ ചൂണ്ടികാട്ടി. ന്യൂഡൽഹിയിലെ ജവഹർ ഭവനിൽ നടന്ന നാഷണൽ കോൺക്ലേവ് ഓഫ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്സ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.


ജനാധിപത്യത്തെ ഉപയോഗിച്ച്

ജനാധിപത്യത്തെ ഇല്ലാതാക്കുന്ന തന്ത്രം


മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കയല്ല ബിജെപിയുടെയും അവരെ നയിക്കുന്ന ആര്‍എസ്എസിന്റെയും ലക്ഷ്യം. അതിൽ ഉപരിയായി ജാതി,മതം,സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ ഭൂപടങ്ങള്‍ മാറ്റി വരക്കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. അസമിലും കശ്മീരിലും മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചപ്പോള്‍ നമ്മള്‍ ഇത് കണ്ടതാണ്. അവിടങ്ങളിൽ നടന്ന വിഭജനങ്ങള്‍ എങ്ങനെ ബിജെപിക്ക് ഗുണം ചെയ്തു എന്ന് നമ്മള്‍ കണ്ടതാണ്. അവിടെ സംഭവിച്ചത് എന്താണെന്ന് പരിശോധിച്ചാൽ അവര്‍ ലക്ഷ്യം വെക്കുന്നത് എന്താണെന്ന് കൃത്യമായി മനസിലാവും.


ഈ സാഹചര്യത്തിൽ, ജനാധിപത്യത്തിന്റെ തന്നെ സംവിധാനങ്ങളെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെ അന്തഃസത്തയെ ഇല്ലാതാക്കുന്ന ജനാധിപത്യ ഫാസിസമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് എന്നും അരുന്ധതി റോയ് പറഞ്ഞു.


എസ് ഐ ആര്‍

ഭരണകക്ഷിക്ക് അനുകൂലമായി

വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി


വോട്ടര്‍ പട്ടിക തീവ്രപുനപരിശോധന നടത്തിയ രീതിയേയും അവര്‍ ഇതിനോട് ബന്ധപ്പെടുത്തി. ആദ്യഘട്ടത്തിൽ ഇലക്ട്രൽ ബോണ്ടുകളിലൂടെ ബിജെപി സ്വയം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ടിയായി മാറി. പിന്നീട് ആ പണവും സ്വാധീനവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ വരുതിയിലാക്കി. ഇതിന് പിന്നാലെ എസ് ഐ ആര്‍ വഴി 13 കോടി വോട്ടര്‍മാരെ വോട്ടവകാശത്തിൽ നിന്നും വെട്ടിമാറ്റി. ഭരണകക്ഷിക്ക് അനുകൂലമായി വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന തന്ത്രമാണ് (gerrymandering) ഇതുവഴി നടപ്പാക്കുന്നത്.


മുന്നറിയിപ്പില്ലാതെ പൗരന്മാരെ പ്രതിസന്ധിയിലാക്കുന്ന രീതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രയോഗിച്ചു വന്നത്. 2016 ലെ നോട്ട് നിരോധനം, 2019 ലെ കശ്മീര്‍ ലോക്ഡൗൺ, നാല് മണിക്കൂര്‍ മുമ്പ് മാത്രം നോട്ടീസ് നൽകി 2020 ൽ കോവിഡ് ലോക്ഡൗൺ നടപ്പാക്കിയത് എന്നിവയിൽ എല്ലാം ഈ സമീപനം കാണാം എന്നും അവര്‍ ചൂണ്ടികാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home