ത്രിപുര നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം : എം എ ബേബി

അഗർത്തല: ത്രിപുര കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അക്രമം നടന്ന മുനിസിപ്പാലിറ്റികളിലെ വോട്ടെടുപ്പ് അടിയന്തിരമായി റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റീപോളിങ് ആവശ്യം ഉന്നയിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ഘട്ടത്തിൽ തന്നെ ഭരണസ്വാധീനത്തിൽ പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സ്ഥാനാർഥികളെ വേട്ടയാടാൻ ബിജെപി ശ്രമിച്ചിരുന്നു. ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ബിജെപി, വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തുകളിൽ സായുധരായ ഗുണ്ടകളെ ഇറക്കി തിരഞ്ഞെടുപ്പിനെ വെറുമൊരു പ്രഹസനമാക്കി മാറ്റി
രണ്ട് സിപിഐ എം വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെ ഡസൻ കണക്കിന് ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കും പോളിംഗ് ഏജന്റുമാർക്കും വോട്ടർമാർക്കും നേരെ ക്രൂരമായ ആക്രമണങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങൾ തടയുന്നതിൽ പൊലീസും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
എല്ലാവിധ ഭീഷണികളെയും അക്രമങ്ങളെയും അതിജീവിച്ച് തങ്ങളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കാൻ മുന്നോട്ടുവന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ അക്രമവും ക്രമക്കേടും നടന്ന നഗരസഭകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി സുതാര്യമായ രീതിയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു.








0 comments