തിരുപ്പറംകുണ്ഡ്രത്ത് ദീപം തെളിയിച്ചു; കനത്ത സുരക്ഷ

തിരുപ്പറംകുണ്ഡ്രത്ത് ദര്‍ഗയ്‌ക്ക് സമീപം കല്‍ത്തൂണില്‍ കാർത്തികദീപം തെളിയിച്ചപ്പോൾ
മധുര: മധുര തിരുപ്പറംകുണ്ഡ്രത്ത് ദര്‍ഗയ്‌ക്ക് സമീപം കല്‍ത്തൂണില്‍ കാർത്തികദീപം തെളിയിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ശനി വൈകുന്നേരം അഞ്ച് മണിയോടെ സിആർപിഎഫിന്റെ കനത്ത സുരക്ഷയിലാണ് ദീപം തെളിയിച്ചത്. 50 പേരാണ് മലമുകളിലേക്ക് കയറിയത്. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരും ജില്ലാ കലക്ടറും സാക്ഷിയായി.
സംഘപരിവാർ ബന്ധമുള്ള ഹര്‍ജിക്കാരിന്റെ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരുടെ ബെഞ്ചാണ് കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഒറ്റത്തവണത്തേക്ക് കല്‍ത്തൂണില്‍ ദീപം തെളിക്കാമെന്ന നവംബർ 24-ലെ വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ക്ഷേത്ര ട്രസ്റ്റി ബോർഡിനെ സസ്‌പെൻഡും ചെയ്തിരുന്നു. ദീപം തെളിക്കുന്നത് ആചാരവിരുദ്ധമാണെന്ന ബോര്‍ഡിന്റെ പ്രമേയം കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും വിധിയില്‍ പറഞ്ഞു. ബോര്‍ഡിന് പകരം മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജിമാരായ എസ് വൈദ്യനാഥൻ, വി പാർഥിബൻ എന്നിവരെ റിസീവർമാരായി നിയമിച്ചു.
ദർഗയ്‌ക്ക് സമീപത്തെ കല്‍ത്തൂണ്‍ ബ്രിട്ടീഷ്‌കാലത്തെ സർവേക്കല്ലാണെന്നും അവിടെ കാര്‍ത്തിക ദീപം തെളിക്കുന്നത് മധുരയില്‍ അസ്വാരസ്യം സൃഷ്‌ടിക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെയും പുരോഗമന കക്ഷികളുടെയും നിലപാട്. തിരുപ്പറംകുണ്ഡ്രം കുന്നിനെ തെക്കിന്റെ അയോധ്യയാക്കി പ്രഖ്യാപിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാറാണ് ദര്‍ഗയ്‌ക്ക് സമീപം കാര്‍ത്തികദീപം തെളിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.








0 comments