Deshabhimani

പാതിവില തട്ടിപ്പ് കേസ് പ്രതി മുഖ്യമന്ത്രിക്കൊപ്പം ബൈപാസ് ഉദ്ഘാടന വേദിയിൽ

VD.jpg
വെബ് ഡെസ്ക്

Published on Nov 28, 2026, 05:55 PM | 1 min read

നിലമ്പൂർ: കേരളം ചർച്ച ചെയ്ത ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളിലൊന്നായ പാതിവില തട്ടിപ്പ് കേസിൽ പൊലീസ് കേസെടുത്ത വ്യക്തി മുഖ്യമന്ത്രിക്കൊപ്പം നിലമ്പൂർ ബൈപാസ് നിർമാണോദ്ഘാടന വേദിയിൽ.


സ്ത്രീകളിൽനിന്ന് ലക്ഷങ്ങൾ കൈപ്പറ്റി പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത ബിനോയ് പാട്ടത്തിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. കേസിലെ പ്രതിയുടെ മുഖ്യമന്ത്രിക്കൊപ്പമുള്ള വേദിയിലെ സാന്നിധ്യം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.


2025 ഫെബ്രുവരി ആറിനാണ് ബിനോയ് പാട്ടത്തിലിനെതിരെ നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലമ്പൂരിൽ പ്രവർത്തിച്ചിരുന്ന ഓസ്വവേൾഡ് ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.


പകുതി വിലയ്ക്ക് സ്കൂട്ടർ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ബുക്ക് ചെയ്തവരിൽനിന്ന് 60,000 രൂപ മുതൽ കൈപ്പറ്റിയെന്നാണ് ആരോപണം. 50 ശതമാനം സാമ്പത്തിക സഹായത്തോടെ വനിതകൾക്ക് സ്കൂട്ടർ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം നൽകിയവർക്ക് സ്കൂട്ടർ ലഭിക്കാതെ വന്നതോടെയാണ് പരാതികൾ ഉയർന്നത്.


നിരവധി പരാതികൾ ബിനോയ് പാട്ടത്തിനെതിരെ പൊലീസിന് ലഭിച്ചിരുന്നു. വിശ്വാസവഞ്ചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി 420, 406, 34 വകുപ്പുകൾ പ്രകാരമാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.


നിലവിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ വൈസ് പ്രസിഡന്റാണ് ബിനോയ് പാട്ടത്തിൽ. നേരത്തെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. രാഷ്ട്രീയ രംഗത്ത് സജീവമായ ബിനോയ് പാട്ടത്തിന്റെ മുഖ്യമന്ത്രിക്കൊപ്പമുള്ള ഉദ്ഘാടന വേദിയിലെ സാന്നിധ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.


സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച പാതിവില തട്ടിപ്പ് കേസിൽ പൊലീസ് കേസെടുത്ത വ്യക്തി, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത നിലമ്പൂർ ബൈപാസ് നിർമാണോദ്ഘാടന ചടങ്ങിൽ വേദിയിലെത്തിയത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home