ഡൽഹി സർവകലാശാലയിലെ വിവിധ കോളേജുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകൾക്ക് ബോംബ് ഭീഷണി. രാംജാസ്, മിറാൻഡ ഹൗസ് കോളേജുകൾക്കാണ് ഇ-മെയിൽ വഴി ഭീഷണി ലഭിച്ചത്. ഇമെയിൽ ലഭിച്ചയുടനെ കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസും ബോംബ്- ഡോഗ് സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും വ്യാജ സന്ദേശമാണെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് മുമ്പ് മുൻകരുതൽ നടപടിയായി വിദ്യാർഥികളെയും ജീവനക്കാരെയും കാമ്പസുകളിൽ നിന്ന് ഒഴിപ്പിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് ഡൽഹി നിയമസഭ സമുച്ചയത്തിലും ഗുരുതര സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നിയമസഭയുടെ പ്രധാന കവാടം തകർത്ത് ഒരു കാർ അകത്തു പ്രവേശിച്ചു. പ്രധാന കവാടത്തിലെ ബാരിക്കേഡുകൾ തകർത്ത് അകത്തുകയറിയ കാർ അൽപ്പനേരം സഭയുടെ മുറ്റത്ത് ഓടിച്ച ശേഷമാണ് പുറത്തേക്ക് കടന്നത്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. അതീവ ജാഗ്രത വേണ്ട നിയമനിർമ്മാണ സഭയുടെ പരിസരത്ത് ഇത്തരമൊരു സംഭവം നടന്നത് വലിയ ആശങ്ക ഉണ്ടാക്കി.
രാജ്യതലസ്ഥാനത്ത് സ്കൂളുകൾക്കും കോളേജുകൾക്കും കോടതികൾക്കും ബോംബ് ഭീഷണി ലഭിക്കുന്നത് തുടർക്കഥയാണ്. ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിനു പിന്നാലെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. എങ്കിലും ഭീഷണികൾ തുടർക്കഥയാണ്. ഇതിനുപിന്നാലെയാണ് നിയമസഭ സമുച്ചയത്തിലുണ്ടായ സുരക്ഷാവീഴ്ച.










0 comments