കരിനിയമത്താൽ അടിച്ചമർത്താൻ നീക്കം
print edition ആളിപ്പടരുന്നു

ജന്തർ മന്തറിൽ രാത്രി പൊലീസ് അതിക്രമം നടത്തിയതിൽ പ്രതിഷേധിക്കുന്നവർ

കെ പി അക്ഷയ്
Published on Jul 24, 2026, 02:33 AM | 2 min read
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കും ഏകാധിപത്യത്തിനുമെതിരെ രാജ്യത്തിന്റെ കവചമായി യുവജ ന–വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കടൽ കണ്ട് ഭയന്ന കേന്ദ്രം, ഡൽഹി പൊലീസ് കമീഷണർക്ക് കരിനിയമമായ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ ഭരണഘടനാവിരുദ്ധമായ പ്രത്യേക അധികാരം നൽകി. ഇന്റർനെറ്റ് വിച്ഛേദിച്ചും മെട്രോ സ്റ്റേഷനുകളും കടകമ്പോളങ്ങളും ബലമായി അടപ്പിച്ചും പ്രക്ഷോഭകാരികളെ നിശ്ശബ്‌ദമാക്കാമെന്ന സർക്കാരിന്റെ ശ്രമങ്ങളെ കാറ്റിൽപ്പറത്തി പതിനായിരക്കണക്കിന് പോരാളികളാണ് ഡല്‍ഹിയിൽ ഇരമ്പിയെത്തുന്നത്.
ദേശീയ സുരക്ഷാ നിയമ പ്രകാരം ആളുകളെ നിശ്ചിത കാലയളവില്‍ കരുതൽ തടങ്കലിൽ വയ്‌ക്കാനുള്ള അധികാരമാണ് മൂന്നുമാസത്തേക്ക് ഡൽഹി പൊലീസിന് നൽകിയത്. തുടര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരെ പൊലീസ് തടങ്കലിലാക്കിത്തുടങ്ങി. കൊണാട്ട് പ്ലേസിലെ കടകൾ അടച്ചിടാൻ നിർദേശിച്ചു. ജൻപഥിലെ പല കടകളും നേരത്തെത്തന്നെ അടപ്പിച്ചിരുന്നു. പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം കടുപ്പിച്ചു. ബാരിക്കേഡുകളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് എങ്ങും. ഡൽഹിയിലെ ചുവരുകളിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ നിറഞ്ഞു. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ആഹ്വാന പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തി. മഹിളാ അസോസിയേഷൻ, സിഐടിയു ഭാരവാഹികൾ ഐക്യദാർഢ്യവുമായി ജന്തർമന്തറിലുണ്ട്. സുപ്രീംകോടതി അഭിഭാഷകർ ഭരണഘടനയുടെ ആമുഖം വായിച്ച് ഐക്യദാര്‍ഢ്യമേകി. കൂടുതൽ ബോളിവുഡ് താരങ്ങൾ സമരത്തിന് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചു.
സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാന്‍ സംഘപരിവാറും രംഗത്ത്. പൊലീസുകാർക്കൊപ്പം സംഘപരിവാറുകാരും സമരക്കാരെ ആക്രമിക്കുന്നു. പ്രക്ഷോഭകർ വാഹനങ്ങൾ തകർത്തെന്ന് വരുത്താന്‍ സമരവേദിയായ ജന്തർമന്തറിന് സമീപം തകർന്ന കാർ പൊലീസ് കൊണ്ടിട്ടു. പ്രതിഷേധക്കാരുടെ ചിത്രങ്ങൾ, അവരറിയാതെ എടുക്കാന്‍ ഡൽഹി പൊലീസ് മെറ്റ ഗ്ലാസുകളും ഉപയോഗിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായവരുടെ പാസ്‌പോർട്ട് റദ്ദാക്കാനും നീക്കം തുടങ്ങി. സ്‌ത്രീയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് ലാംബയെ പ്രതിഷേധക്കാരുടെ സമ്മർദത്തെത്തുടർന്ന് ജന്തർമന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി. സമരത്തിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സംഘപരിവാർ അനുകൂലികൾ കോടതിയിലെത്തി.
ചോദ്യം ചോർത്തിയവർക്കെതിരെ വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. എന്നാൽ, പ്രക്ഷോഭകർ ഇതുതള്ളി. വിദ്യാഭ്യാസമന്ത്രി രാജിവച്ചേ മതിയാകൂവെന്ന് ആവർത്തിച്ചു. പ്രതിഷേധക്കാരെ കേന്ദ്ര മന്ത്രി ജെ പി നദ്ദയുടെ ഓഫീസിലേക്ക് ചർച്ചയ്‌ക്ക് സർക്കാർ ക്ഷണിച്ചു. നിക്ഷ്‌പക്ഷ വേദിയിലെ ചർച്ചയിലേ പങ്കെടുക്കൂ എന്ന് സിജെപി ആവർത്തിച്ചു.
വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു
കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദർ സിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ 26 ദിവസമായി തുടരുന്ന നിരാഹാരം സോനം വാങ്‌ചുക്ക് ഉപാദികളോടെ അവസാനിപ്പിച്ചു. വെള്ളി നടക്കുന്ന മന്ത്രിസഭയിൽ നീറ്റ് വിഷയത്തിൽ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിന് പിന്നാലെ രാത്രി വൈകിയാണ് നിരാഹാരം അവസാനിപ്പിച്ചതായി വാങ്‌ചുക്ക് അറിയിച്ചത്.











0 comments