ഡൽഹി കലാപ ഗൂഢാലോചനാ കേസ്: ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഷർജിൽ ഇമാം, ഉമർ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് അന്തിമ വിധി പറയുന്നത്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയാണ് വിദ്യാർഥി നേതാക്കളായ ഒമ്പത് പേർ അറസ്റ്റിലായത്. അഞ്ച് വർഷത്തിലേറെയായി വിചാരണയില്ലാതെ തടവിൽ കഴിയുന്ന പ്രതികൾക്കായി അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവർ ഹാജരായി. ഡൽഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എന്നിവരും ഹാജരായി. ഡിസംബർ 10-ന് വാദം പൂർത്തിയായതിനെ തുടർന്നാണ് കേസ് വിധി പറയാനായി മാറ്റിയത്.
വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഗൂഡാലോചന കേസിൽ അറസ്റ്റിലായ വിദ്യാർഥി നേതാക്കൾ അഞ്ച് വർഷത്തിലേറെയായി കസ്റ്റഡിയിലാണ്. കഴിഞ്ഞ മാസം വിചാരണ കോടതി ഉമർ ഖാലിദിന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.










0 comments