print edition ജന്തർമന്തർ പ്രക്ഷോഭം: അന്നമൂട്ടിയവരെയും വേട്ടയാടുന്നു

ജന്തർമന്തറിൽ പ്രക്ഷോഭകർക്ക് ഭക്ഷണം എത്തിച്ചപ്പോൾ (FILE)

സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:55 AM | 1 min read
ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് ഭക്ഷണമെത്തിച്ച റസ്റ്റോറന്റുകളുടെ ഉടമകളെയും വേട്ടയാടി ഡൽഹി പൊലീസ്. ഭക്ഷണപ്പൊതികൾ, പായ്‌ക്കറ്റുകൾ തുടങ്ങിയവയിൽനിന്ന് റസ്‌റ്റോറന്റുകളുടെ പേരുകൾ ശേഖരിച്ചശേഷം ഉടമകളെ ഭീഷണിപ്പെടുത്തുകയാണ്. യുവജനപ്രക്ഷോഭത്തിന് പിന്തുണയറിയിക്കാൻ പല റസ്റ്റോറന്റുകളും സൗജന്യമായാണ് ഭക്ഷണമെത്തിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും കർശന നടപടി നേരിടേണ്ടിവരുമെന്നുമാണ് പൊലീസിന്റെ കൽപ്പന.
‘ആരുടെ നിർദേശപ്രകാരമാണ് നിങ്ങൾ ഭക്ഷണം വിതരണംചെയ്ത’തെന്ന് ചോദിച്ച് പൊലീസെത്തിയതായി നിരവധി ഹോട്ടൽ, റെസ്‌റ്റോറന്റ് ഉടമകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സമരത്തിൽ പങ്കെടുത്തവരെ വേട്ടയാടില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പ്രതികാരനടപടി സ്വീകരിക്കുന്നു. വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രക്ഷോഭത്തെക്കുറിച്ച് പഠിക്കണമെന്ന് ആർഎസ്‌എസ്
‘ധർമേന്ദ്ര പ്രധാന്റെ രാജിക്കുകാരണമായ ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ യുവജനപ്രക്ഷോഭത്തെക്കുറിച്ച് എബിവിപി വിശദമായി പഠിക്കണ’മെന്ന് ആർഎസ്‌എസ് നേതാവ് അതുൽ ലിമായേ. ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ‘ബദൽ രാഷ്ട്രീയം’ വിജയകരമായി പരീക്ഷിക്കപ്പെട്ടതായും വിവിധ വശങ്ങൾ പഠിച്ച് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഉൗർജം രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിലേക്ക് വഴിതിരിക്കാനാവശ്യമായ ഇടപെടലുകൾ എബിവിപി നടത്തണമെന്നും ആർഎസ്‌എസ് നേതാവ് പറഞ്ഞു.
നീറ്റ് ഫലത്തിലും അപാകം; വിദ്യാർഥികൾ കോടതിയിൽ
നീറ്റ് ചോദ്യച്ചോർച്ചയ്ക്ക് പുറമേ ഫലത്തിലും ഗുരുതര അപാകം ചൂണ്ടിക്കാട്ടി വിദ്യാർഥികൾ. തങ്ങൾ മാർക്ക് ചെയ്‌ത ഉത്തരമുള്ള ഒഎംആർ ഷീറ്റുകളല്ല എൻടിഎ വെബ്‌സൈറ്റിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ആറുപേരാണ് ഹർജി നൽകിയത്. അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ മൂന്നംഗ ബെഞ്ച് ഉറപ്പുനൽകി. ഇക്കാര്യമുന്നയിച്ച് എൻടിഎയ്‌ക്ക് കത്തും ഇ–മെയിലും അയച്ചിട്ടും ഫലമുണ്ടായില്ല. നേരിട്ടുപോയി പരാതി പറഞ്ഞിട്ടും നടപടിയില്ല. അറുനൂറിലേറെ മാർക്ക് ലഭിച്ചവരാണ് പരാതിക്കാർ.
വെബ്‌സൈറ്റിൽ ഒരു ദിവസത്തിനകം മൂന്നുതവണ മാർക്ക് മാറിയെന്ന പരാതിയുമായി മറ്റൊരു വിദ്യാർഥി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.










0 comments