print edition എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച്; വിദ്യാർഥികളെ ക്രൂരമായി നേരിട്ട് ഡൽഹി പൊലീസ്

എൻടിഎ ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച മാർച്ചിനിടെ എസ്എഫ്ഐ ഡൽഹി സംസ്ഥാന ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമയെ പൊലീസ് വലിച്ചിഴയ്ക്കുന്നു
ന്യൂഡൽഹി: പരീക്ഷാനടത്തിപ്പിൽ നിരന്തരമായി വീഴ്‌ചകൾ വരുത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആസ്ഥാനത്തേക്ക് മാർച്ച് ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ച് ഡൽഹി പൊലീസും സിആർപിഎഫും. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തവരെയാണ് ക്രൂരമായി മർദിച്ചത്.
ചോദ്യപേപ്പറിലെ പിഴവുകൾ കാരണം യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നാണ് വിദ്യാർഥികൾ എൻടിഎ ആസ്ഥാനത്ത് പ്രതിഷേധിച്ചത്.
എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ് ഇളമൺ, പ്രസിഡന്റ് നാദിയ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. എഐഎസ്‌എഫ്, ദിശ, എഐഡിഎസ്‌ഒ, ഐസ സംഘടനകളും പ്രതിഷേധത്തിൽ അണിനിരന്നു. വിദ്യാർഥികളെ മർദിച്ച് അവശരാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്‌ത് വാഹനത്തിലേക്ക് മാറ്റിയത്.
എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ, സംസ്ഥാന കമ്മിറ്റി അംഗം ശരണ്യ വെർമ എന്നിവരെ വലിച്ചിഴച്ചു. പുരുഷ പൊലീസുകാരും പെൺകുട്ടികളെ ആക്രമിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
പരീക്ഷകളിൽ വീഴ്‌ച ആവർത്തിക്കുന്ന എൻടിഎ പിരിച്ചുവിടണം, വീണ്ടും പരീക്ഷ നടത്തുന്ന വിഷയങ്ങൾക്ക് റീഫണ്ട് അനുവദിക്കണം, പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അനുവദിക്കണം, പിഎച്ച്ഡി പ്രവേശനം, ഫെലോഷിപ്പ്, മറ്റ് അക്കാദമിക് അവസരങ്ങൾ എന്നിവയിൽ കാലതാമസമുണ്ടാകില്ലെന്ന് ഉറപ്പാക്കണം, പരീക്ഷാക്രമക്കേടുകളെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്.










0 comments