ഫ്ലൈഓവറിന്റെ കൈവരിയിൽ നിന്ന് ചാടി ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് രക്ഷകരായി ഡൽഹി പൊലീസ്

യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നു (Photo: X )
ന്യൂഡൽഹി: ആത്മഹത്യക്ക് തുനിഞ്ഞ യുവാവിന് രക്ഷകരായി ഡൽഹി പൊലീസ്. മഹിപാൽപൂർ ഫ്ലൈഓവറിന്റെ കൈവരിയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനാണ് ഡൽഹി പൊലീസ് തുണയായി എത്തിയത്. ഫ്ലൈഓവറിന്റെ കൈവരിയോട് ചേർന്ന് താഴേക്ക് ചാടാൻ പാകത്തിൽ അപകടകരമായ രീതിയിൽ ഒരാൾ നിൽക്കുന്നുവെന്ന അടിയന്തര സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തിയത്.
പൊലീസിനെ കണ്ടതോടെ യുവാവ് പരിഭ്രാന്തനായെങ്കിലും ശാന്തനാകാൻ എസ് ഐ അനിൽ ശർമ ആവശ്യപ്പെട്ടു. പതിയ സംസാരിച്ച് യുവാവിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമം നടത്തി. യുവാവിന് കുടിക്കാൻ വെള്ളം നൽകുകയും ചെയ്തു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മയപ്പെടുത്തി സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഫോൺ വരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് എടുത്ത ഫോൺ യുവാവിന് നേരെ നീട്ടി. ഫോൺ വാങ്ങാനായി യുവാവ് കൈ നീട്ടിയ നിമിഷം അനിൽ ശർമ യുവാവിന്റെ കൈയിൽ പിടിത്തമിടുകയും വലിച്ച് റോഡിലേയ്ക്ക് നീക്കി സുരക്ഷിതനാക്കുകയും ചെയ്തു.
ശരിയായ അവസരം കണ്ട് , ആ യുവാവിനെ വേഗത്തിൽ സുരക്ഷിതമായി പിടിച്ച് ഫ്ലൈഓവറിൽ നിന്ന് മാറ്റി. അദ്ദേഹത്തിന്റെ സഹാനുഭൂതിയും പെട്ടെന്നുള്ള ഇടപെടലും വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേർ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ നേർന്നു.









0 comments