ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു: ആറ് പേർക്ക് പരിക്ക്

ഡൽഹി മുകുന്ദ് പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്ന വീട് (Photo: P V Sujith)
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്ക്. മുകുന്ദ്പൂർ ഇഷു വിഹാറിൽ ചൊവ്വാഴ്ച രാവിലെയാണ് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. 9:37 ഓടെയാണ് അഗ്നിരക്ഷാ സേനയ്ക്ക് അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഒരു നില വീട് പൂർണ്ണമായി തകർന്നു വീണു. പാത്രങ്ങൾ പോളിഷ് ചെയ്യുന്ന ജോലികൾ നടന്നിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. പരിക്കേറ്റവരുടെ കൃത്യമായ ആരോഗ്യസ്ഥിതി ഡോക്ടർമാരുടെ വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് ഡൽഹി പൊലീസ് അറിയിച്ചു.
അതേസമയം, പുലർച്ചയോടെ കിഴക്കൻ ഡൽഹിയിലെ ഷഹ്ദാര അജിത് നഗറിലും സമാനമായ രീതിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഗ്യാസ് സിലിണ്ടർ പൈപ്പിലെ ചോർച്ച മൂലമുണ്ടായ ഈ അപകടത്തിൽ, വീടിന്റെ ഒന്നാം നിലയിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയും കുട്ടികളും ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
ഷഹ്ദാരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ട് കുടുങ്ങിക്കിടന്ന കുടുംബത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.









0 comments