മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമം; അഡ്വ. ദീപാ ജോസഫിനെതിരെ നിയമനടപടിക്കൊരുങ്ങി കെയുഡബ്ല്യുജെ

ന്യൂഡൽഹി: ഡൽഹി കേരള ഹൗസ് വളപ്പിൽ വെച്ച് മാധ്യമപ്രവർത്തകർക്ക് നേരെ സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് നടത്തിയ കയ്യേറ്റത്തിലും അധിക്ഷേപത്തിലും കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) ഡൽഹി ഘടകം പ്രതിഷേധിച്ചു. കൈരളി ടിവി മാധ്യമപ്രവർത്തക ഫെമിന, റിപ്പോർട്ടർ ടിവി റിപ്പോർട്ടർ വൈ എസ് അഭിനന്ദ് എന്നിവർക്ക് നേരെയാണ് ദീപാ ജോസഫ് അതിക്രമം നടത്തുകയും മോശം ഭാഷയിൽ അവഹേളിക്കുകയും ചെയ്തത്. സംഭവത്തിൽ ദീപാ ജോസഫിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് യൂണിയൻ അറിയിച്ചു.
കേരള ഹൗസിൽ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിക്കാനെത്തിയതായിരുന്നു ദീപാ ജോസഫ്. സന്ദർശനത്തെക്കുറിച്ച് തത്സമയം വാർത്ത നൽകിക്കൊണ്ടിരുന്ന കൈരളി ചാനലിലെ വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെയാണ് ഇവർ ആദ്യം തട്ടിക്കയറിയത്. ആരോട് ചോദിച്ചിട്ടാണ് വാർത്ത നൽകുന്നതെന്ന് ചോദിച്ച് റിപ്പോർട്ടർക്ക് നേരെ വരികയും മൈക്ക് തട്ടിക്കളയാൻ ശ്രമിക്കുകയുമായിരുന്നു. വനിതാ മാധ്യമപ്രവർത്തകയെ 'എടി', 'നീ' എന്ന് വിളിച്ച് അപമര്യാദയോടെയാണ് സംസാരിച്ചത്.
ഇത് ചോദ്യം ചെയ്ത് മറ്റ് മാധ്യമപ്രവർത്തകരെത്തിയതോടെ റിപ്പോർട്ടർ ചാനലിന്റെ ലേഖകന് നേരെയും ഇവർ തിരിഞ്ഞു. "നിന്നോട് ആരാടാ വാർത്ത കൊടുക്കാൻ പറഞ്ഞത്? എന്റെ പിറകെ നടന്ന് വാർത്ത ഉണ്ടാക്കേണ്ട ആവശ്യമില്ല, വാർത്ത ക്യാൻസൽ ചെയ്യ്" എന്ന് ദീപാ ജോസഫ് ആക്രോശിച്ചു. റിപ്പോർട്ടർ ചാനലിനെ 'മരംമുറി ചാനൽ' എന്ന് വിളിച്ച് ആക്ഷേപിച്ച ഇവർ, തനിക്ക് കൈരളിയോടും റിപ്പോർട്ടറിനോടും മാത്രമാണ് പ്രശ്നമെന്നും തന്റെ അനുവാദമില്ലാതെ വാർത്ത നൽകിയാൽ കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.
മാധ്യമപ്രവർത്തകരോട് കയർക്കുന്നതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ 'രതിജീവിത' എന്ന് വിളിച്ച് ദീപാ ജോസഫ് അധിക്ഷേപിച്ചു. ഇത് തിരുത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരോടും ഇവർ വീണ്ടും വീണ്ടും വളരെ മോശമായി സംസാരിക്കുകയായിരുന്നു. തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ മാധ്യമപ്രവർത്തകർക്കെതിരായ അവഹേളനം തരംതാണ ഭാഷയിൽ ഇവർ ആവർത്തിച്ചതായും യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തിയതും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതും ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയുടെ ഭാഗത്തുനിന്നുണ്ടായത് തീർത്തും അപക്വമായ നടപടിയാണെന്നും കെയുഡബ്ല്യുജെ പ്രസ്താവനയിൽ വ്യക്തമാക്കി.
രാഷ്ട്രീയ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപഹസിച്ചതുമായി ബന്ധപ്പെട്ട് ദീപാ ജോസഫിനെതിരെ കേരള പൊലീസിൽ നിലവിൽ കേസുകളുണ്ട്. ഈ കേസിനെതിരായി സുപ്രീംകോടതിയെ സമീപിച്ച ഇവർക്കെതിരെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് രൂക്ഷവിമർശനം നടത്തിയിരുന്നു. ഡൽഹി കേരള ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ദീപാ ജോസഫിനെതിരെ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങുമെന്നും യൂണിയൻ പ്രസിഡന്റ് പ്രസൂൻ എസ് കണ്ടത്തും സെക്രട്ടറി ഡോ. ഡി ധനസുമോദും അറിയിച്ചു.











0 comments