ഒരു വ്യക്തിയെ സംരക്ഷിക്കാൻ സർക്കാർ ഇത്രയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ, അയാൾ ഇവർക്കുവേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടാകണം?: വിശാൽ ദദ്‌ലാനി

മുംബൈ: ഒരു വ്യക്തിയെ സംരക്ഷിക്കാൻ സ്വന്തം ജനങ്ങൾക്കെതിരെ ഒരു സർക്കാരിന് ഇത്രത്തോളം പോകാമെങ്കിൽ, ആ വ്യക്തി സർക്കാരിനുവേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന ചോദ്യവുമായി സംഗീതജ്ഞൻ വിശാൽ ദദ്‌ലാനി. ഒരു വ്യക്തിയെ രക്ഷിക്കാൻ രാജ്യത്തെ സർക്കാർ സ്വന്തം ജനങ്ങൾക്കെതിരെ ഏതറ്റംവരെ പോകുമെന്ന് ലോകം മുഴുവൻ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പ്രതിഷേധം തടയാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടുത്തുകയും പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടികളെ ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ പ്രതികരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് നേരെയാണ് ഡൽഹിയിൽ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
പ്രതിഷേധം നേരിടാൻ കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) 23 ബറ്റാലിയനുകളെ വിന്യസിച്ചെന്നാണ് വിശാൽ ദദ്‌ലാനി ആരോപിച്ചത്. ജമ്മു കശ്മീർ, നക്സൽ ബാധിത മേഖലകൾ തുടങ്ങിയ നിർണായക പ്രദേശങ്ങളിൽനിന്ന് സേനാംഗങ്ങളെ ഡൽഹിയിലെത്തിച്ച് വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. ബാരിക്കേഡുകൾ, റോഡ് നിയന്ത്രണങ്ങൾ, മെട്രോ–ട്രെയിൻ സർവീസുകളിലെ തടസ്സങ്ങൾ എന്നിവയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിഷേധത്തെ നേരിടാൻ ഇത്രയും വലിയ സുരക്ഷാ സന്നാഹം ഒരുക്കേണ്ടിവന്നതെന്തിനെന്നും ചോദിച്ചു.
ഒരു വ്യക്തിയെ രക്ഷിക്കാൻ വേണ്ടി സിസ്റ്റത്തെ ഏതറ്റംവരെ വളച്ചൊടിച്ചുവെന്ന് സ്വയം ചിന്തിച്ചുനോക്കണമെന്നായിരുന്നു വിശാൽ ദദ്‌ലാനി പറഞ്ഞത്.
ഇടതുപക്ഷ നേതാക്കൾ കസ്റ്റഡിയിൽ
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, കേരളം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, തോമസ് ഐസക്, ജോൺ ബ്രിട്ടാസ്, പി രാജീവ് തുടങ്ങിയ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും വിവിധയിടങ്ങളിൽ തടഞ്ഞു.

എസ്എഫ്ഐ പ്രവർത്തകരെ വ്യാപകമായി കസ്റ്റഡിയിലെടുത്തു
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 400-ലേറെ എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി അറിയിച്ചു. സുപ്രീംകോടതി പരിസരത്തുനിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികളെയും അഭിഭാഷകരെയും പൊലീസ് തടഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും കസ്റ്റഡിയിലെടുത്തു.
മാധ്യമപ്രവർത്തകരെയും വെറുതെവിട്ടില്ല
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസ് ഐഡി കാണിച്ചിട്ടും മാധ്യമപ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റിയതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. ന്യൂസ്‌ലോണ്ട്രി, ദി വയർ, റിപ്പോർട്ടർ ടിവി തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോർട്ടർമാരെയും തടഞ്ഞു. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
എന്തിനാണ് പ്രതിഷേധം?
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെയും വോട്ടവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. വോട്ടർപട്ടികയിൽനിന്ന് അർഹരായവരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നുവെന്ന ആശങ്ക ഉയർത്തുന്ന പ്രതിഷേധക്കാർ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെടുന്നു.








0 comments