സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം; ബാലാവകാശ കമീഷൻ

ബാലാവകാശ സംരക്ഷണ കമീഷൻ
തിരുവനന്തപുരം : 2026–27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരം നടത്താൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്നും ഉത്തരവിട്ടു.
ആവശ്യമായ സൗകര്യങ്ങൾ, അംഗീകൃത മത്സരക്രമം, പ്രായവിഭാഗം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കി പ്രത്യേക ജില്ലാ-സംസ്ഥാനതല മത്സരങ്ങളോ സുതാര്യമായ തെരഞ്ഞെടുപ്പ് ട്രയലോ നടത്താനുള്ള സാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനിക്കണം. ദേശീയതല മത്സരത്തിന്റെ തീയതി, യോഗ്യതാ മാനദണ്ഡങ്ങൾ, എൻട്രി സമർപ്പിക്കേണ്ട തീയതി എന്നിവ പരിഗണിച്ച് കുട്ടികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു.
2026–27 അധ്യയന വർഷത്തെ ദേശീയ സ്കൂൾ കായികമേളയുടെ മത്സരക്രമത്തിൽ റഗ്ബി ഉൾപ്പെടുത്തണം. സംസ്ഥാന സ്കൂൾ കായികമേളയുടെ മാനുവലിൽ റഗ്ബി ഉൾപ്പെടുത്തുന്നതിനാവശ്യമായ ഭേദഗതികൾ വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. കമീഷൻ അംഗങ്ങളായ ഡോ. എഫ് വിൽസണും പി ഷാജേഷ് ഭാസ്കറും ഉൾപ്പെട്ട ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സ്പോർട്സ് ഓർഗനൈസർ, കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് ജോയിന്റ് ഡയറക്ടർ എന്നിവരാണ് എതിർകക്ഷികൾ.
തിരുവനന്തപുരം പേരൂർക്കട ഗവ. ജിഎച്ച്എസ്എസിലെ വിദ്യാർഥിനി അമേയ സന്ദീപാണ് ഹർജിക്കാരി. 2026ലെ ദേശീയ റഗ്ബി ചാമ്പ്യൻഷിപ്പിൽ അണ്ടർ18 പെൺകുട്ടികളുടെ ടീമിനെ പ്രതിനിധീകരിച്ച് അമേയ പങ്കെടുത്തിരുന്നു.








0 comments